LiveTV

Live

Kerala

'കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന രീതി വേണ്ട'; കെവിൻ കേസിലെ പ്രതിയെ ജയിലില്‍ മർദ്ദിക്കുന്നുവെന്ന പരാതിയില്‍ കോടതി

കോടതിയാണ് ശിക്ഷിച്ചത്, ജയിലിനുള്ളിൽ പൊലീസുകാർ പ്രത്യേകം ശിക്ഷ നടപ്പാക്കേണ്ടന്നും കോടതി പറഞ്ഞു

'കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന രീതി വേണ്ട'; കെവിൻ കേസിലെ പ്രതിയെ ജയിലില്‍ മർദ്ദിക്കുന്നുവെന്ന പരാതിയില്‍ കോടതി

കെവിൻ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ ജയിലില്‍ മർദ്ദിക്കുന്നുവെന്ന് പരാതി. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ഒൻപതാം പ്രതി ടിറ്റു ജെറോമിന്‍റെ പിതാവാണ് പരാതി നല്‍കിയത്. ജയിലിൽ വെച്ച് പ്രതി ക്രൂരമായി മർദിക്കപ്പെട്ടെന്ന് കരുതുന്നതായി ഹർജിയിൽ പറയുന്നു. തിരുവനന്തപുരം ജില്ലാ ജഡ്ജിയും ഡി.എം.ഒയും ജയിൽ ഐ.ജിയും ഉടൻ പൂജപ്പുരയിൽ എത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

അതെ സമയം ഹര്‍ജിയില്‍ ഇന്ന് നാലു മണിക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രൻ പറഞ്ഞു. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന രീതി വേണ്ടെന്നും കോടതി പരാമർശിച്ചു. കോടതിയാണ് ശിക്ഷിച്ചത്, ജയിലിനുള്ളിൽ പൊലീസുകാർ പ്രത്യേകം ശിക്ഷ നടപ്പാക്കേണ്ടന്നും കോടതി പറഞ്ഞു.

കേരളത്തിൽ കോടതി കണ്ടെത്തുന്ന ആദ്യ ദുരഭിമാനക്കൊലയാണ് കോട്ടയം സ്വദേശി കെവിന്‍റേത്. 2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാർത്ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്‍റെ വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. വീട്ടുകാർക്കൊപ്പം നീനു പോകാൻ തയ്യാറാവാത്തതിനെത്തുടർന്ന്, മെയ് 27-ന് നീനുവിന്‍റെ സഹോദരൻ സാനുവിന്‍റെ നേതൃത്വത്തിൽ കാറിലെത്തിയ നാലംഗ സംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. മെയ് 28-ന് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവർ കെവിനെ മർദ്ദിച്ച് അവശനാക്കി ആറ്റിൽ തള്ളുകയായിരുന്നുവെന്ന് പിന്നീട് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.