അടച്ചിട്ട തിയേറ്ററിന് അഞ്ചു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ; വാർത്ത വസ്തുതാവിരുദ്ധമെന്ന് കെ.എസ്.ഇ.ബി
അസത്യങ്ങളും അർദ്ധ സത്യങ്ങളും പറഞ്ഞ് പൊതുമേഖലാ സ്ഥാപനത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമം തികച്ചും ഖേദകരമാണെന്നും ഫേസ്ബുക്കിലൂടെ കെ.എസ്.ഇ.ബി പറഞ്ഞു.

അടഞ്ഞുകിടന്ന തിയേറ്ററിന് കെ.എസ്.ഇ.ബി അഞ്ചു ലക്ഷത്തിലേറെ രൂപയുടെ ബിൽ ചുമത്തിയെന്ന വാര്‍ത്തകളോട് പ്രതികരിച്ച് വൈദ്യുതി വകുപ്പ്. 2020 മാർച്ചു മുതൽ അടഞ്ഞുകിടന്ന തിയേറ്ററിന് അഞ്ചു ലക്ഷം രൂപയുടെ ബില്‍ വന്നുവെന്ന് വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകള്‍ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ മറുപടി.
കോട്ടയം ബ്ലോക്ക് പഞ്ചായത്ത് അംഗവും പള്ളിക്കത്തോട് അഞ്ചാനി തീയറ്റർ ഉടമയുമായ ജിജിമോൻ ജോസഫ് നടത്തിയ വാർത്താ സമ്മേളനത്തിലെ ആരോപണമാണ് കെ.എസ്.ഇ.ബി തള്ളിയത്. മാർച്ച് മുതൽ അടച്ചിട്ടിരിക്കുന്ന തന്റെ തിയേറ്ററിന് കെ.എസ്.ഇ.ബി അന്യായമായി ഭീമമായ തുക ബില്‍ ആയി ഈടാക്കുന്നുവെന്നാരോപിച്ചാണ് ജിജിമോന് പത്രസമ്മേളനം നടത്തിയത്.
എന്നാല്‍ ലോക്ഡൗണ്‍ കാലത്ത് കെ.എസ്.ഇ.ബി ഇളവായി നല്കിയ ഫിക്സഡ് ചാര്‍ജ് റിബേറ്റ് തുകയായ 15,510 രൂപ കുറവു ചെയ്ത ശേഷം ഡിസംബര്‍ മാസത്തെ ഉപയോഗം ഉള്‍പ്പെടെ 5,55,110 രൂപ ഈ ഉപഭോക്താവിന് കുടിശികയായി നിലവിലുണ്ടെന്ന് കെ.എസ്.ഇ.ബി ഫേസ്ബുക്കിലൂടെ വിശദീകരണം നല്കി. ഇതില്‍ ലോക്ഡൗണ്‍ പ്രഖ്യാപനത്തിനു മുമ്പുള്ള കുടിശ്ശികയും ഉള്‍പ്പെടും. വൈദ്യുതി ബില്‍ കുടിശിക സംബന്ധിച്ച് പലതവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഇദ്ദേഹം ഓഫീസുമായി ബന്ധപ്പെടാനോ കുടിശ്ശിക തുക തവണകളായെങ്കിലും അടയ്ക്കുവാനോ തയ്യാറായിട്ടില്ലെന്നും കെ.എസ്.ഇ.ബി പറഞ്ഞു. അതെത്തുടര്‍ന്നാണ് ഈ വര്‍ഷം ജനുവരി 1ന് 5,21,505 രൂപയുടെ വൈദ്യുതി വിച്ഛേദന നോട്ടീസ് നല്‍കിയതെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.