LiveTV

Live

Kerala

നൂല് പൊട്ടിയ പട്ടം പോലെ പറന്ന്...പറന്ന് ഒരു ഡോക്ടറുടെ സോളോ യാത്രകള്‍

ബ്ലോഗര്‍ കൂടിയായ മിത്ര Windinmyhair.me എന്ന ബ്ലോഗിലൂടെ തന്‍റെ യാത്രാനുഭവങ്ങള്‍ പങ്കുവയ്ക്കാറുണ്ട്

നൂല് പൊട്ടിയ പട്ടം പോലെ പറന്ന്...പറന്ന് ഒരു ഡോക്ടറുടെ സോളോ യാത്രകള്‍

അങ്ങിനെയിരിക്കുമ്പോള്‍ ഒരിക്കലെങ്കിലും ചിന്തിച്ചുപോയിട്ടില്ലേ ഒറ്റക്കൊരു യാത്ര പോകണമെന്ന്..ആരെയും കാത്തുനില്‍ക്കാതെ, ആരെയും കൂടെ കൂട്ടാതെ വെറുതെ ഒരു യാത്ര പോകണമെന്ന്.., കണ്ട കാഴ്ചകളെക്കുറിച്ച് തന്നോട് തന്നെ പറഞ്ഞൊരു യാത്ര.. അങ്ങിനെയൊരു തോന്നലില്‍ നിന്നാണ് മിത്ര സതീഷ് എന്ന ആലപ്പുഴക്കാരി ആയുര്‍വേദ ഡോക്ടര്‍ ഒരു ദിവസം ബാഗും തൂക്കി ഒരു യാത്രക്കിറങ്ങിയത്. ആ പോക്ക് മിത്രയുടെ യാത്രാനുഭവങ്ങളെ തന്നെ മാറ്റിമറിച്ചുവെന്ന് പറയാം. പിന്നീടങ്ങോട്ടുള്ളവയെല്ലാം സോളോ യാത്രകളായിരുന്നു. സോളോ യാത്രയിലൂടെ നാട് കാണാനിറങ്ങിയിട്ട് അധിക നാളുകളായില്ലെങ്കിലും ഒന്നര വര്‍ഷം കൊണ്ട് തൃപ്പൂണിത്തുറ ഗവണ്‍മെന്‍റ് ആയുര്‍വേദ കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ കൂടിയായ മിത്ര രണ്ട് രാജ്യങ്ങളും നിരവധി സംസ്ഥാനങ്ങളും സന്ദര്‍ശിച്ചുകഴിഞ്ഞു. ബ്ലോഗര്‍ കൂടിയായ മിത്ര Windinmyhair.me എന്ന ബ്ലോഗിലൂടെ തന്‍റെ യാത്രാനുഭവങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. സ്വയം കാറോടിച്ചാണ് മിത്രയുടെ സോളോ യാത്രകള്‍ ഭൂരിഭാഗവും

നൂല് പൊട്ടിയ പട്ടം പോലെ പറന്ന്...പറന്ന് ഒരു ഡോക്ടറുടെ സോളോ യാത്രകള്‍

എന്നു മുതലാണ് യാത്രകളോട് പ്രണയം തുടങ്ങിയത്?

കുട്ടിക്കാലത്ത് മാതാപിതാക്കളോടൊപ്പം ചെറിയ യാത്രകള്‍ പോയിട്ടുണ്ട്. മൂകാംബിക പോലുള്ള സ്ഥലങ്ങളില്‍ തീര്‍ഥാടനമായിട്ടായിരുന്നു ആ യാത്രകള്‍. പിന്നെ മുതിര്‍ന്ന് കഴിഞ്ഞപ്പോള്‍ ഔദ്യോഗിക യാത്രകളും നടത്തിയിട്ടുണ്ട്. പക്ഷെ അന്നൊന്നും യാത്രകളോട് പ്രത്യേക ഇഷ്ടമൊന്നും ഉണ്ടായിരുന്നില്ല. മനസറിഞ്ഞൊരു യാത്ര അന്ന് ഉണ്ടായിരുന്നില്ല. എന്നാല്‍ 2019 മേയില്‍ നടത്തിയ ഭൂട്ടാന്‍ യാത്രയോടെയാണ് യാത്രകളോടുള്ള മനോഭാവം തന്നെ മാറിയത്. അന്ന് പലരെയും കൂട്ടിന് വിളിച്ചെങ്കിലും ആര്‍ക്കും വരാന്‍ പറ്റിയ സാഹചര്യമില്ലായിരുന്നു. ആരുമില്ലെങ്കിലും യാത്ര ഉപേക്ഷിക്കാനും തോന്നിയില്ല. പിന്നെ ഒരു പുറപ്പെടലായിരുന്നു. അങ്ങിനെ സോളോ യാത്രക്ക് തുടക്കം കുറിച്ചു. പിന്നീട് ആറ് മാസം കൊണ്ട് രാജസ്ഥാന്‍, നാഗാലാന്‍ഡ്, മണിപ്പൂര്‍, മ്യാന്‍മാര്‍, അമൃത്സര്‍, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിച്ചു. രാജസ്ഥാന്‍ പോയപ്പോള്‍ മാത്രം ഒരു സുഹൃത്ത് കൂടെയുണ്ടായിരുന്നു.

നൂല് പൊട്ടിയ പട്ടം പോലെ പറന്ന്...പറന്ന് ഒരു ഡോക്ടറുടെ സോളോ യാത്രകള്‍

പിന്നീട് കുറച്ചു കാലത്തേക്ക് യാത്രകളെ ഉണ്ടായിരുന്നില്ല. പക്ഷെ എങ്ങോട്ടെങ്കിലും യാത്ര ചെയ്തേ പറ്റൂ എന്ന മാനസികാവസ്ഥയിലായി. കോവിഡിന് ശേഷം ഹംപിയില്‍ പോയി. കൊച്ചിയില്‍ നിന്നും ഒറ്റയടിക്ക് 900 കിലോമീറ്റര്‍ വരെ ആ യാത്രയില്‍ ഡ്രൈവ് ചെയ്തു. ശരിക്കും അതൊരു വലിയ അനുഭവമായിരുന്നു. പിന്നീട് ഊട്ടിയിലെ തോടാ എന്ന ട്രൈബല്‍സിനെ കാണാന്‍ പോയി. അന്ന് പത്ത് വയസുകാരനായ മോനെയും കൂടെ കൂട്ടിയിരുന്നു. അവിടെ പോയി അവരുടെ കല്യാണമൊക്കെ കണ്ട് തിരിച്ചുവന്നു. ഒരു മൂന്നാല്,ദിവസം അവിടെ ചെലവഴിച്ചിരുന്നു. നീണ്ട ഇടവേളക്ക് ശേഷം ഈയിടെ കര്‍ണാടകയിലേക്ക് ഒരു യാത്ര പോയിരുന്നു. കൂര്‍ഗ്, ശ്രാവണ ബല്‍ഗോള തുടങ്ങിയ സ്ഥലങ്ങളൊക്കെ കണ്ടു.

സോളോ യാത്രകളുടെ തുടക്കം എങ്ങിനെയായിരുന്നു?

2018ലെ ബാലി സന്ദര്‍ശന വേളയില്‍ ഒരു ട്രക്കിംഗിന് പോയിരുന്നു. 10-15 പേര്‍ സംഘത്തിലുണ്ടായിരുന്നു. ഒരു ഗൈഡുമുണ്ടായിരുന്നു സംഘത്തില്‍. ഗ്രൂപ്പില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള സ്ത്രീ ഒറ്റക്കായിരുന്നു. അവര്‍ ഒറ്റക്കാണല്ലോ എന്നത് എന്നെ അതിശയിപ്പിച്ചു. നിങ്ങളുടെ കൂടെ ആരുമില്ലേ എന്ന് ഞാന്‍ ചോദിച്ചു. ഞാനൊരു സോളോ ട്രാവലര്‍ ആണെന്നായിരുന്നു അവരുടെ മറുപടി. എന്നെ സംബന്ധിച്ചിടത്തോളം എനിക്കതൊരു കൌതുകമായിരുന്നു. സോളോ യാത്രകള്‍ സാധാരണമാണെന്നും ഒത്തിരി പേര്‍ ഇത്തരത്തില്‍ യാത്രകള്‍ നടത്തുന്നുണ്ടെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ആ സമയത്ത് അവരെക്കുറിച്ചായിരുന്നു ചിന്ത. പിന്നീടവരെ മറന്നു. 2019ല്‍ ഭൂട്ടാന്‍ യാത്രയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോഴാണ് കാലിഫോര്‍ണിയക്കാരിയെ വീണ്ടും ഓര്‍ത്തത്. പിന്നെ ഒറ്റക്ക് യാത്ര ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് സോളോ യാത്രകള്‍ ഒരു ഹരമായി മാറി.

യാത്രാ വിവരണങ്ങളും മറ്റും വായിച്ചതിന് ശേഷമാണോ ആ സ്ഥലം കാണണം, കണ്ടേ പറ്റൂ എന്ന ആഗ്രഹത്തോടെ യാത്ര ചെയ്യാന്‍ തുടങ്ങിയത്?

ഒ.കെ ജോണി എഴുതിയ 'കാവേരിയോടൊപ്പം എന്‍റെ യാത്രകൾ 'എന്ന പുസ്തകം വായിച്ചതിന് ശേഷമാണ് കൂര്‍ഗിനെ കണ്ടറിയാന്‍ കൂടുതല്‍ ആഗ്രഹം തോന്നിയത്. ആ പുസ്തകം വായിച്ചപ്പോള്‍ ഭയങ്കര ഇന്‍സ്പയേഡായി. അതിനു മുന്‍പുള്ള യാത്രകളെല്ലാം പലരും പറഞ്ഞ് കേട്ട് പോയതാണ്. ഭൂട്ടാന്‍ യാത്ര അങ്ങിനെ സംഭവിച്ചതാണ്. ഒരു സുഹൃത്താണ് ഭൂട്ടാനെക്കുറിച്ച് പറഞ്ഞത്. രാജസ്ഥാനും കാണണം, അറിയണം എന്ന ആഗ്രഹത്തോടെ സന്ദര്‍ശിച്ച സ്ഥലമാണ്. ഹംപിയും കേട്ട് കേട്ട് കാണണമെന്ന് തോന്നിയ സ്ഥലമാണ്.

നൂല് പൊട്ടിയ പട്ടം പോലെ പറന്ന്...പറന്ന് ഒരു ഡോക്ടറുടെ സോളോ യാത്രകള്‍

ബ്ലോഗ് തുടങ്ങിയത് ഭൂട്ടാനില്‍ പോയി വന്നതിന് ശേഷമാണ്. അന്നൊന്നും ബ്ലോഗ് എന്താണെന്നൊന്നും അറിയില്ലായിരുന്നു. പിന്നെ ഒരു സുഹൃത്ത് പറഞ്ഞതിന് ശേഷമാണ് ബ്ലോഗിലേക്ക് തിരിഞ്ഞത്. ആദ്യമൊക്കെ ഇംഗ്ലീഷിലെഴുതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ബ്ലോഗിലിടുകയായിരുന്നു. പിന്നെ അതും നടക്കാതെയായി. അതോടെ മലയാളത്തില്‍ തന്നെ എഴുതാന്‍ തുടങ്ങി. ആദ്യമൊക്കെ വലിയ അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട്. എന്നാല്‍ പണ്ടുമുതലെ വായന ശീലമുള്ളതുകൊണ്ട് പിടിച്ചുനില്‍ക്കാന്‍ സാധിച്ചു. സഞ്ചാരി ഗ്രൂപ്പിലൊക്കെ എഴുതി തുടങ്ങിയപ്പോള്‍ വലിയ കുഴപ്പമില്ലാതെ എഴുതാന്‍ സാധിക്കുമെന്ന അവസ്ഥയിലായി. ഇപ്പോള്‍ യാത്രാ സംബന്ധിയായ മാഗസിനുകളിലൊക്കെ യാത്രാനുഭവങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്.

ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ?

സത്യം പറഞ്ഞാല്‍ ഇതുവരെ പറയത്തക്ക ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ല. പക്ഷെ ഒരു പെണ്ണ് യാത്രക്ക് ചെയ്യുമ്പോള്‍ പലര്‍ക്കും കൌതുകമാണ്. ഭൂട്ടാനിലും ജയ്പൂരിലുമെത്തിയപ്പോള്‍ ആരും നമ്മളെ മൈന്‍ഡ് ചെയ്യുന്നുപോലുമുണ്ടായിരുന്നില്ല. എന്നാല്‍ ചില ഗ്രാമങ്ങളില്‍ ചെല്ലുമ്പോള്‍ അവര്‍ക്ക് വലിയ അതിശയമാണ്. ഒരു പെണ്ണ് ഇത്രയും ഒറ്റക്ക് വണ്ടിയോടിച്ച് വരിക, അതൊക്കെ അവിടുത്തുകാര്‍ക്ക് വലിയ കാര്യമായിരുന്നു. ഒറ്റക്കാണെന്നറിയുമ്പോള്‍ കുറച്ചുകൂടി സപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. സഹായവും കിട്ടിയിട്ടുണ്ട്. അല്ലാതെ ബുദ്ധിമുട്ടുകളൊന്നുമുണ്ടായിട്ടില്ല. പിന്നെ ഒറ്റക്കാണെന്ന ബോധ്യം ഉള്ളതുകൊണ്ട് നമ്മള്‍ കുറച്ചുകൂടി അലര്‍ട്ടാകും.

യാത്രകളോടും യാത്രാനുഭവങ്ങളോടുമുള്ള സ്ത്രീകളുടെ പ്രതികരണം എങ്ങിനെയായിരുന്നു?

അതിശയിപ്പിക്കുന്നതായിരുന്നു അവരുടെ പ്രതികരണം. ഒരു പാട് സ്ത്രീകള്‍ ഇന്‍സ്പയേഡായിട്ടുണ്ട്. അവരെന്നെ വിളിക്കാറുണ്ട്. ഒറ്റക്കല്ലെങ്കില്‍ കൂട്ടമായി യാത്ര ചെയ്യാനുള്ള ആഗ്രഹം അവര്‍ പ്രകടിപ്പിക്കാറുണ്ട്. പിന്നെ വിവാഹിതയായ, കുട്ടിയുള്ള സ്ത്രീ യാത്രയെയും ഒപ്പം കൊണ്ടുപോകുന്നു എന്ന രീതിയില്‍ പലരും വിളിച്ച് അഭിനന്ദിക്കാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം കാഴ്ചകള്‍ കാണുക എന്നതിലുപരി അറിവ് നേടുക, അവരുടെ സംസ്കാരത്തെക്കുറിച്ച് അറിയുക എന്ന രീതിയിലാണ് ഞാന്‍ യാത്രകളെ കാണുന്നത്.

നൂല് പൊട്ടിയ പട്ടം പോലെ പറന്ന്...പറന്ന് ഒരു ഡോക്ടറുടെ സോളോ യാത്രകള്‍

കൂര്‍ഗില്‍ പോയപ്പോള്‍ സാധാരണ ആളുകള്‍ പോകാവുന്ന സ്ഥലങ്ങളെല്ലാം ഞാന്‍ മിസാക്കിയിരുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പോകാന്‍ എനിക്ക് വലിയ താല്‍പര്യമൊന്നുമില്ല. അവിടെ, ആ പ്രദേശത്ത് എന്തെങ്കിലും പ്രത്യേകതകളുണ്ടെങ്കില്‍ അത് തേടിപ്പിടിച്ച് അവയെക്കുറിച്ച് കൂടുതലറിയാനാണ് യാത്രകളിലൂടെ ശ്രമിക്കാറുള്ളത്. വളരെ കുറച്ചേ ട്രക്കിംഗിനും മറ്റും പോയിട്ടുള്ളൂ. ബാലിയില്‍ പോയപ്പോള്‍ പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേറ്റു സൂര്യോദയം കാണാന്‍ പോയി. എന്നെ സംബന്ധിച്ചിടത്തോളം അങ്ങിനെയുള്ള അനുഭവങ്ങള്‍ ശരിക്കും കുറവാണ്. ഊട്ടിയില്‍ പോയപ്പോള്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ പോലുള്ള സ്ഥിരം സ്ഥലങ്ങള്‍ കാണാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. പകരം അവിടെയുള്ള തോടാ ട്രൈബല്‍സിനെ കാണാനും അവരുടെ ജീവിതരീതിയെക്കുറിച്ചറിയാനുമായിരുന്നു താല്‍പര്യം. വെറുതെ പോയി ഒരു സ്ഥലം കാണുന്നതില്‍ ഇഷ്ടം തോന്നാറില്ല.

യാത്രകളില്‍ 'പെട്ടുപോയി' എന്നൊരു അനുഭവം ഉണ്ടായിട്ടുണ്ടോ?

നാഗാലാന്‍ഡ് പോയപ്പോള്‍ അത്തരമൊരു അനുഭവമുണ്ടായിട്ടുണ്ട്. പക്ഷെ ഈ യാത്രയുടെ ഭാഗമായിട്ട് കാണാനാണ് എനിക്കിഷ്ടം. അന്നുണ്ടായ സംഭവം എന്താണെന്ന് വച്ചാല്‍ രാവിലെ ഗുവാഹത്തിയിലെത്തും അവിടുന്ന് ട്രയിന്‍ ബുക്ക് ചെയ്ത് വൈകിട്ട് ഡിംമ്പാപൂരെത്തും അവിടുന്ന് കോഹിമയിലെത്തി സ്റ്റേ ചെയ്യാം അതായിരുന്നു എന്‍റെ പ്ലാന്‍. എന്നാല്‍ അന്ന് ട്രയിന്‍ ലേറ്റായി. രാവിലെ 9 മണിക്ക് വരേണ്ട ട്രയിന്‍ വന്നത് ഉച്ചക്ക് 12.30ന്. ഞാന്‍ ഡിമ്പാപൂരെത്തുന്നത് വൈകിട്ട് ആറ് മണിക്കാണ്. അവിടെ ശരിക്കും നാലരയാകുമ്പോഴേക്കും അസ്തമയം ആകും. ഞാന്‍ ചെന്നിറങ്ങുന്നത് ശരിക്കും ഇരുട്ടിലേക്കാണ്. ഒരു അടിസ്ഥാന സൌകര്യങ്ങളുമില്ലാത്ത സ്ഥലമാണ് കോഹിമ. സന്ധ്യ കഴിഞ്ഞാല്‍ ഒന്നുമുണ്ടാകില്ല. ശരിക്കും പേടിച്ചുപോയി. ഒന്നാമത് നാഗാലാന്‍ഡിനെക്കുറിച്ച് എല്ലാരും പറഞ്ഞ് പേടിപ്പിച്ചിരുന്നു. പിന്നെ അവിടുത്തെ നാട്ടുകാരാണ് എന്നെ സഹായിച്ചത്. അവരുടെ കൂടെ കാറിലാണ് താമസസ്ഥലത്തെത്തിയത്.

നൂല് പൊട്ടിയ പട്ടം പോലെ പറന്ന്...പറന്ന് ഒരു ഡോക്ടറുടെ സോളോ യാത്രകള്‍

കര്‍ണാടകയില്‍ പോയപ്പോള്‍ ശ്രാവണബല്‍ഗോളയില്‍ പോയി. എനിക്കവിടുത്ത അസ്തമയം ഭയങ്കര ഇഷ്ടമായിരുന്നു. അസ്തമയം കണ്ട് കുറെ സമയം അവിടെ തന്നെ നിന്നു. എന്‍റെ താമസസ്ഥലത്തേക്ക് അവിടെ നിന്നും മുക്കാല്‍ മണിക്കൂര്‍ ദൂരമേ ഉണ്ടായിരുന്നുള്ളൂ. അസ്തമയം കണ്ടിറങ്ങിയപ്പോള്‍ രാത്രി ആയി. ഗൂഗിള്‍ മാപ്പൊക്കെ സെറ്റ് ചെയ്താണ് പോയതെങ്കിലും വഴി തെറ്റിപ്പോയി. ഒരു പത്തിരുപത് കിലോമീറ്റര്‍ കാറോടിച്ച് റൂറല്‍ ഏരിയയിലൂടെ അങ്ങിനെ പോകേണ്ടി വന്നു. ശരിക്കും ഇരുട്ട്, റോഡിലെങ്ങും ഒരു മനുഷ്യന്‍ പോലുമുണ്ടായിരുന്നില്ല. ഒരു കാറിന് കടന്നുപോകാനുള്ള വീതിയേ റോഡിനുള്ളൂ. എങ്ങിനെ താമസസ്ഥലത്തെത്തുമെന്നായി ചിന്ത. പക്ഷെ ഒടുവില്‍ എങ്ങിനെയോ ലക്ഷ്യസ്ഥാനത്തെത്തി എന്ന് വേണം പറയാന്‍. സോളോ യാത്ര ചെയ്യുന്നതുകൊണ്ട് സ്റ്റേ ചെയ്യുന്ന സ്ഥലത്ത് ഇരുട്ടുന്നതിന് മുന്‍പെത്താന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്.