LiveTV

Live

Kerala

'ആര്യ രാജേന്ദ്രനെ വെച്ച് സി.പി.എം മാർക്കറ്റിംഗ് നടത്തുന്നു'; മുല്ലപ്പള്ളി രാമചന്ദ്രന്‍

വെൽഫെയർ പാർട്ടി ബന്ധം അടഞ്ഞ അധ്യായമാണെന്നും ആ ബന്ധം ചർച്ചയാക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അജണ്ടയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

'ആര്യ രാജേന്ദ്രനെ വെച്ച് സി.പി.എം മാർക്കറ്റിംഗ് നടത്തുന്നു'; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെ വെച്ച് സിപിഎം മാർക്കറ്റിംഗ് നടത്തുകയാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആര്യ രാജേന്ദ്രനേക്കാള്‍ പ്രായം കുറഞ്ഞവര്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടുണ്ട്. ധാരാളം പുതുമുഖങ്ങള്‍ക്ക് അവസരം കൊടുത്ത പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്നും സിപിഎം ചെയ്യും പോലെയുള്ള മാര്‍ക്കറ്റിംഗ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ സമീപനമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. വെൽഫെയർ പാർട്ടി ബന്ധം അടഞ്ഞ അധ്യായമാണെന്നും ആ ബന്ധം ചർച്ചയാക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അജണ്ടയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

മുല്ലപ്പള്ളി പറഞ്ഞത്

‘ഈ ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പിലും ധാരാളം പുതുമുഖങ്ങള്‍ക്ക് അവസരം കൊടുത്ത പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഇപ്പോള്‍ മേനി പറയുന്നല്ലോ. തിരുവനന്തപുരത്ത് നിന്ന് വിജയിച്ച സ്ഥാനാര്‍ത്ഥിയെ മേയറാക്കാന്‍ വേണ്ടി സാധിച്ചു. 21 വയസേയുള്ളൂ എന്ന്. ആ കുട്ടിയേക്കാള്‍ പ്രായം കുറഞ്ഞ എത്ര കുട്ടികള്‍ ഈ സംസ്ഥാനത്ത് പലയിടത്തും വിജയിച്ചു. ഇതൊന്നും പ്രശ്‌നമല്ല കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക്. ആ കുട്ടിയെ വെച്ച് മാര്‍ക്കറ്റിങ്ങ് നടത്തുകയാണ്. അതല്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമീപനം. ഈ രാജ്യത്തെ ചെറുപ്പക്കാരെ കണ്ടെത്തിക്കൊണ്ട് അവര്‍ക്ക് ചുമതലകള്‍ കൊടുത്തുകൊണ്ട് ഉത്തരവാദിത്തബോധത്തോടെ മുന്നോട്ടുകൊണ്ടുപോകുക. അതാണ് ഞങ്ങളുടെ ലക്ഷ്യം.’

നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറു മേനി കൊയ്യുകയെന്നതാണ് യുഡിഎഫ് ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ വീഴ്ചകളെക്കുറിച്ചും തിരിച്ചടിയെക്കുറിച്ചും വിലയിരുത്തല്‍ നടത്തി. വീഴ്ചകള്‍ പരിഹരിച്ച് മുന്നണി മുന്നോട്ടുപോകും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യത മാത്രം മുന്‍നിര്‍ത്തി ആയിരിക്കും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം അടഞ്ഞ അദ്ധ്യായമാണ്. ബിജെപിയും സിപിഐഎമ്മും കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കൈകോര്‍ത്തെന്നും മുല്ലപ്പള്ളി കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെ കൂട്ടിച്ചേര്‍ത്തു.