LiveTV

Live

Kerala

20 വര്‍ഷങ്ങള്‍ക്കു ശേഷം കോഴിക്കോട് നിയമസഭ സീറ്റ് പിടിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്

മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ മൂന്ന് സീറ്റുകള്‍ വരെ നേടാമെന്നാണ് ജില്ല നേതൃ‍ത്വത്തിന്‍റെ കണക്കുകൂട്ടല്‍

20 വര്‍ഷങ്ങള്‍ക്കു ശേഷം കോഴിക്കോട്  നിയമസഭ സീറ്റ് പിടിക്കാന്‍  തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്

20 വര്‍ഷത്തിനു ശേഷം കോഴിക്കോട് ജില്ലയില്‍ നിയമസഭ സീറ്റ് പിടിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്. മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ മൂന്ന് സീറ്റുകള്‍ വരെ നേടാമെന്നാണ് ജില്ല നേതൃ‍ത്വത്തിന്‍റെ കണക്കുകൂട്ടല്‍. തിരുവമ്പാടി മുസ്‍ലിം ലീഗില്‍ നിന്നും തിരികെ വാങ്ങാനുള്ള നീക്കവും കോണ്‍ഗ്രസ് ആരംഭിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ രണ്ടു സീറ്റുകളും കുറച്ചു കാലമായി കോണ്‍ഗ്രസിന്‍റെ കൈകളിലാണ്. പക്ഷെ നിയമസഭ തെരഞ്ഞെടുപ്പിലെ കണക്കെടുത്താല്‌ 15 വര്‍ഷമായി നാണക്കേടിന്‍റെ പടുകുഴിയിലാണ് കോഴിക്കോട്ടെ കോണ്‍ഗ്രസ്.

മൂന്ന് ടേമിലും ഒരു എം.എല്‍ എയെപ്പോലും ജയിപ്പിച്ചെടുക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ല. ഇക്കുറി ഇതിന് മാറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. കോണ്‌ഗ്രസ് ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന കൊയിലാണ്ടി മണ്ഡലത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരത്തിനിറങ്ങുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഐ. ഗ്രൂപ്പിന്‍റെ കൈവശമുള്ള കൊയിലാണ്ടിയില്‍ കെ.പി.സി.സി ജനറല്‍‌ സിക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍റെ പേര് പരിഗണനയിലുണ്ട്.

എ. ഗ്രൂപ്പ് ഡി.സി.സി പ്രസിഡന്‍റ് യു. രാജീവന്‍ മാസ്റ്ററുടെ പേരും മുന്നോട്ട് വെക്കുന്നു. തിരുവമ്പാടി ലീഗില്‍ നിന്നും വിട്ടു കിട്ടിയാല്‍ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ടി. സിദ്ധിഖാവും സ്ഥാനാര്‍ത്ഥി. കോഴിക്കോട് നോര്‍ത്തിലാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിനെ പരിഗണിക്കുന്നത്. ബേപ്പൂരില്‍ കെ.പി.സി.സി ജനറല്‍ സിക്രട്ടറി പി.എം നിയാസിന്‍റെയും ഡി.സി.സി സിക്രട്ടറി കെ.എം ഗംഗേഷിന്‍റേയും പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.

എല്‍.ജെ.ഡിയുടെ കൈവശമായിരുന്ന എലത്തൂര്‍ ഇക്കുറി കോണ്‍ഗ്രസിനു ലഭിച്ചേക്കും. അങ്ങനെയെങ്കില്‍ കെ.പി.സി.സി സിക്രട്ടറി കെ. ബാലകൃഷ്ണ കിടാവ്, ഡി.സി.സി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് എന്നിവരാണ് പരിഗണനയില്‍. നാദാപുരത്ത് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. പ്രവീണ്‍കുമാറിന്‍റെ പേരിനാണ് മുന്‍തൂക്കം. ബാലുശ്ശേരി ലീഗില്‍ നിന്നും ഏറ്റെടുത്ത് കുന്ദമംഗലം പകരം നല്‍കാനും കോണ്‍ഗ്രസിന് ആലോചനയുണ്ട്. വടകരയില്‍ ആര്‍.എം.പി.യെ പിന്തുണക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും കെ.പി.സി.സി പ്രസിഡന്‍റിന്‍റെ താത്പര്യമറിഞ്ഞ ശേഷമാകും തീരുമാനം.