നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് അധിക സീറ്റ് നല്‍കണമെന്ന് കെ മുരളീധരന്
കേരള കോണ്‍ഗ്രസ് എമ്മിന്റെ സീറ്റ് വീതം വെക്കുമ്പോള്‍ ലീഗിനെയും പരിഗണിക്കണമെന്നും കെ മുരളീധരന്

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് അധിക സീറ്റ് നല്‍കണമെന്ന് കെ. മുരളീധരന് എം പി. കേരള കോണ്‍ഗ്രസ് എമ്മിന്റെ സീറ്റ് വീതം വെക്കുമ്പോള്‍ ലീഗിനെയും പരിഗണിക്കണമെന്ന് കെ മുരളീധരന് ആവശ്യപ്പെട്ടു. ഇതിനിടെ കോഴിക്കോട് ജില്ലയില്‍ അധികമായി രണ്ട് സീറ്റുകള്‍ വാങ്ങണമെന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. വടകര, പേരാമ്പ്ര, ബേപ്പൂർ സീറ്റുകളില്‍ ഏതെങ്കിലും രണ്ട് സീറ്റുകള്‍ വേണമെന്നാണ് ആവശ്യം.
മുസ്ലിം ലീഗ് അധിക സീറ്റ് ആവശ്യപ്പെടുമെന്ന സൂചനകള്‍ വരികയും സിപിഎം ഉള്‍പ്പെടെ വിമർശം ഉയർത്തുകയും ചെയ്ത സാഹചര്യത്തിലാണ് കെ. മുരളീധരന്റെ പ്രതികരണം. മുന്നണിയില്‍ നിന്ന് വിട്ടുപോയ പാർട്ടികളുടെ സീറ്റ് വീതം വെക്കുമ്പോള്‍ ലീഗിന് പ്രാതിനിധ്യം ഉണ്ടാകണമെന്നാണ് മുരളീധരന്റെ പക്ഷം.
കോഴിക്കോട് അധിക സീറ്റ് വേണമെന്ന നിലപാട് ലീഗ് ജില്ലാ കമ്മറ്റി സംസ്ഥാന കമ്മറ്റിക്ക് മുന്നില്‍ വെച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം കേള്‍ക്കാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദും,അബ്ദുറഹ്മാന് രണ്ടത്താണിയും എത്തിയപ്പോഴാണ് ജില്ലാ കമ്മറ്റി ആവശ്യം ഉന്നയിച്ചത്. വടകര,പേരാമ്പ്ര, ബേപ്പൂർ സീറ്റുകളില്‍ രണ്ടെണ്ണം ചോദിച്ച് വാങ്ങണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ പക്ഷം.
കഴിഞ്ഞ തവണ മത്സരിച്ച ബാലുശ്ശേരിക്ക് പകരം കുന്ദമംഗലം വാങ്ങണമെന്നും തീരുമാനമായി. അധികമായി കിട്ടുന്ന സീറ്റില്‍ യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം യൂത്ത് ലീഗ് -എംഎസ്എഫ് നേതാക്കള്‍ നേതൃത്വത്തിന് മുമ്പില്‍ വെച്ചു.