LiveTV

Live

Kerala

വാളയാർ കേസ്: ഹൈക്കോടതി വിധി സർക്കാരിന് പ്രചോദനം നൽകുന്നതെന്ന് മന്ത്രി എ.കെ ബാലൻ

ക്രിമിനൽ നീതിന്യായ ചരിത്രത്തിലെ അപൂർവ വിധിയാണിതെന്നും മന്ത്രി പറഞ്ഞു.

വാളയാർ കേസ്: ഹൈക്കോടതി വിധി സർക്കാരിന് പ്രചോദനം നൽകുന്നതെന്ന് മന്ത്രി എ.കെ ബാലൻ

വാളയാർ കേസിലെ ഹൈക്കോടതി വിധി സർക്കാരിന് പ്രചോദനം നൽകുന്നതാണെന്ന് നിയമമന്ത്രി എ.കെ ബാലൻ. ക്രിമിനൽ നീതിന്യായ ചരിത്രത്തിലെ അപൂർവ വിധിയാണിതെന്നും മന്ത്രി പറഞ്ഞു. കുറ്റമറ്റ രീതിയിൽ പുനർവിചാരണയും തുരന്വേഷണവും നടത്താനുള്ള എല്ലാ സാഹചര്യവും സർക്കാർ സൃഷ്ടിക്കുമെന്നും അദ്ദേഹം അറിയിച്ചു.

"സർക്കാരിന്റെ രണ്ട് ആവശ്യങ്ങളും ഹൈകോടതി അംഗീകരിച്ചു. കുറ്റമറ്റ രീതിയിൽ പുനർവിചാരണയും തുരന്വേഷണവും നടത്താനുള്ള എല്ലാ സാഹചര്യവും സർക്കാർ സൃഷ്ടിക്കും. കുറ്റവാളികൾ ശിക്ഷിക്കപ്പെടാനുള്ള എല്ലാ വഴികളും ഒരുക്കും." മന്ത്രി പറഞ്ഞു. ചിലർ സർക്കാരിനെതിരെ നിരവധി ആക്രമണങ്ങളാണ് ഈ കേസുമായി ബന്ധപ്പെട്ട് പടച്ചുവിട്ടത്. എന്നാൽ, ഇരകൾക്ക് നീതി ലഭിക്കണമെന്നതിൽ സർക്കാരിന് നിർബന്ധമുണ്ട്. അതുകൊണ്ട് തന്നെ പഴുതടച്ച രീതിയിലുള്ള ഇടപെടലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പ്രതിപക്ഷം വിധിയെ സ്വാഗതം ചെയ്യുമ്പോഴും തുടരന്വേഷണം സംസ്ഥാന സർക്കാരിന്റെ പോലീസിന് കീഴിൽ പറ്റില്ല എന്ന ആവശ്യത്തിൽ ഉറച്ചുനിന്നു. സിബിഐ അന്വേഷണത്തിലൂടെ മാത്രമേ ഇരകൾക്ക് നീതി ലഭ്യമാക്കാൻ സാധിക്കുകയുള്ളൂവെന്നും പ്രതിപക്ഷം പറഞ്ഞു. ഹൈകോടതി വിധിയെ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാളയാർ കേസിൽ സർക്കാരും മുഖ്യമന്ത്രിയുമാണ് ഒന്നാം പ്രതിയെന്ന് കുറ്റപ്പെടുത്തി.

വാളയാർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ഇരകളായ പെൺകുട്ടികളുടെ രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു. കേസിൽ പോലീസ് തുടരന്വേഷണം നടത്തുന്നതിൽ വിശ്വാസമില്ലെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. പുനർ വിചാരണ കൊണ്ടുമാത്രം പ്രതികൾ ശിക്ഷിക്കപ്പെടില്ലെന്ന് സമരസമിതി നേതാക്കളും പ്രതികരിക്കുകയുണ്ടായി.