LiveTV

Live

Kerala

യു.എ.പി.എ കേസിലെ തടവുകാരി വിയ്യൂർ വനിതാ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

എൻ.ഐ.എ കോടതി ശിക്ഷിച്ച, യു.എ.പി.എ കേസിലെ തടവുകാരി യാസ്മിൻ മുഹമ്മദ് സാഹിദ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.

യു.എ.പി.എ കേസിലെ തടവുകാരി വിയ്യൂർ വനിതാ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

തൃശൂർ വിയ്യൂർ വനിതാ ജയിലിൽ തടവുകാരി ആത്മഹത്യക്ക് ശ്രമിച്ചു. എൻ.ഐ.എ കോടതി ശിക്ഷിച്ച യു.എ.പി.എ കേസിലെ തടവുകാരി യാസ്മിൻ മുഹമ്മദ് സാഹിദ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ബിഹാർ സ്വദേശിനിയാണ് യാസ്മിൻ.

കാസർകോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തീവ്രവാദ സ്വഭാവമുള്ളതായി കണ്ടെത്തിയാണ് എൻ.ഐ.എ കേസ് ഏറ്റെടുത്തത്. ഏഴ് വര്‍ഷത്തേക്കാണ് ശിക്ഷ. 2018 മാർച്ചിലാണ് ഇവരെ വിയ്യൂരിലെത്തിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

തീവ്രവാദ സംഘടനയായ ഐഎസില്‍ ചേർക്കാൻ മലയാളി യുവാക്കളെ വിദേശത്തേക്ക് കടത്തിയ കേസിലെ മുഖ്യപ്രതിയാണ് ബീഹാർ സ്വദേശിനിയായ യാസ്‌മിൻ മുഹമ്മദ്. ഐസിസ് ബന്ധമാരോപിച്ച് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ വിചാരണ പൂർത്തിയായ ആദ്യ കേസ് ഇതാണ്. കേരളാ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎയ്ക്ക് കൈമാറുകയായിരുന്നു. കാസർഗോഡ് സ്വദേശികളായ 15 യുവാക്കളെ ഐഎസില്‍ ചേർക്കാൻ അഫ്ഗാനിസ്ഥാനിലേക്ക് കടത്തിയ സംഭവത്തിൽ 2016 ലാണ് കേസ് രജിസ്റ്റർ ചെയ്തത്.

യാസ്‌മിൻ തന്‍റെ മകനോടൊപ്പം അഫ്ഗാനിസ്ഥാനിലേക്കു കടക്കാൻ ശ്രമിക്കവേ 2016 ജൂലായ് 30 ന് ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് പിടിയിലായത്. ഒന്നാം പ്രതി തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി അബ്ദുള്‍ റാഷിദിന്റെ രണ്ടാം ഭാര്യയാണ് യാസ്മിന്‍. അബ്ദുൾ റാഷിദ് ഇപ്പോഴും അഫ്ഗാനിസ്ഥാനിലാണ്.