LiveTV

Live

Kerala

പ്രഗത്ഭനായ, സ്വാധീനമുള്ള ഒരു പ്രതി ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്, പുനരന്വേഷണം തന്നെ വേണമെന്ന് വാളയാര്‍ സമരസമിതി

പുനർവിചാരണ കൊണ്ടുമാത്രം പ്രതികൾ ശിക്ഷിക്കപ്പെടില്ല, വേണ്ടത് ശാസ്ത്രീയമായ പുനരന്വേഷണമെന്ന് സമരസമിതി

പ്രഗത്ഭനായ, സ്വാധീനമുള്ള ഒരു പ്രതി ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്, പുനരന്വേഷണം തന്നെ വേണമെന്ന് വാളയാര്‍ സമരസമിതി

വാളയാർ കേസിൽ പുനരന്വേഷണം തന്നെ വേണമെന്ന് സമരസമിതി. സിബിഐ അന്വേഷണമോ ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ വേണം. പുനർ വിചാരണ കൊണ്ടുമാത്രം പ്രതികൾ ശിക്ഷിക്കപ്പെടില്ലെന്നും സമരസമിതി ജോയിന്‍റ് കൺവീനർ ബാലമുരളി പറഞ്ഞു.

വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിചാരണ കോടതിയുടെ വിധി റദ്ദുചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തിലാണ് സമരസമിതിയുടെ പ്രതികരണം. ഹൈക്കോടതിയില്‍ വിധിയില്‍ തങ്ങള്‍ക്ക് ഭാഗികമായ സന്തോഷം മാത്രമാണ് തങ്ങള്‍ക്കുള്ളത്. കാരണം പുനര്‍വിചാരണ നടക്കുക നിലവിലുള്ള തെളിവുകള്‍ മാത്രം വെച്ചാകും. അതുകൊണ്ട് മരിച്ചുപോയ കുട്ടികള്‍ക്ക് നീതികിട്ടില്ല. വേണ്ടത് പുനരന്വേഷണമാണ്. ശാസ്ത്രീയമായ രീതിയിലുള്ള പുനരന്വേഷണമാണ് ഉണ്ടാവേണ്ടത്. എങ്കില്‍ മാത്രമേ തെളിവുകളെല്ലാം കണ്ടുപിടിക്കാന്‍ കഴിയുകയുള്ളൂ.

പ്രകൃതിവിരുദ്ധപീഡനത്തിനാണ് കുട്ടികള്‍ ഇരയായത്. 11ഉം, 9ഉം വയസ്സുള്ള കുട്ടികള്‍ അത് ആസ്വദിക്കുകയായിരുന്നുവെന്ന് പറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥാണ് കേസ് അന്വേഷിച്ചത്. ആ ഉദ്യോഗസ്ഥനുണ്ടാക്കിയ തെളിവ് വെച്ച് പുനര്‍വിചാരണ നടത്തിയിട്ട് കാര്യമില്ല. കുട്ടികള്‍ക്ക് നീതി ലഭിക്കണം, ഒന്നുകില്‍ സിബിഐ അന്വേഷണം വേണം. അല്ലെങ്കില്‍ ഹൈക്കോടതിയുടെ നേതൃത്വത്തിലുള്ള അന്വേഷണം ഉണ്ടാവണമെന്നും പ്രഗത്ഭനായ, സ്വാധീനമുള്ള ഒരു പ്രതി ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് തന്നെയാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും സമരസമിതി ജോയിന്റ് കൺവീനർ ബാലമുരളി പറഞ്ഞു.