LiveTV

Live

Kerala

പാലാരിവട്ടം കേസ്; ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഇബ്രാഹിം കുഞ്ഞിന് കോടതിയുടെ രൂക്ഷ വിമർശനം

നോമിനേഷന്‍ നല്‍കാമെങ്കില്‍ ജയിലിലും പോകാമെന്ന് കോടതി പറഞ്ഞു.

പാലാരിവട്ടം കേസ്; ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഇബ്രാഹിം കുഞ്ഞിന് കോടതിയുടെ രൂക്ഷ വിമർശനം

പാലാരിവട്ടം കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഇബ്രാഹിംകുഞ്ഞിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സംഘടന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി തേടിക്കൊണ്ട് ഇബ്രാഹിം കുഞ്ഞ് നല്‍കിയ അപേക്ഷ പിൻവലിച്ച ശേഷം ജാമ്യാപേക്ഷ പരിഗണിക്കാം എന്ന് കോടതി പറഞ്ഞു.

ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന് ചൂണ്ടിക്കാട്ടി ജാമ്യ അപേക്ഷ സമർപ്പിച്ച ശേഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി തേടുന്നത് പരസ്പര വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട്, നോമിനേഷന്‍ നല്‍കാമെങ്കില്‍ ജയിലിലും പോകാമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ആരോഗ്യ കാരണങ്ങൾ പരിഗണിച്ചാണ് ഇബ്രാഹിം കുഞ്ഞിന് ജാമ്യം നൽകാൻ കോടതി തീരുമാനിച്ചത്. എന്നാൽ നിലവിലെ ഈ നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, ജയിലില്‍ പോയാല്‍ ജീവനോടെ തിരിച്ചുവരാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ഇബ്രാംഹിം കുഞ്ഞും കോടതിയെ അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ റിപ്പോർട്ടുകൾ സമർപ്പിക്കാൻ കോടതി അനുമതി നൽകണമെന്നും, സർക്കാർ നൽകിയ റിപ്പോർട്ടിൽ മറുപടി നൽകാൻ സമയം അനുവദിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷക ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.