വിവാദങ്ങൾക്കിടെ സമസ്തയുടെ നേതാക്കൾ പാണക്കാട്; ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി
സമസ്തയും മുസ്ലിം ലീഗും ഒറ്റക്കെട്ടാണെന്ന് തങ്ങളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
ലീഗ് -സമസ്ത വിവാദങ്ങൾക്കിടെ സമസ്ത നേതാക്കൾ പാണക്കാടെത്തി മുസ്ലിം ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സമസ്തയും മുസ്ലിം ലീഗും ഒറ്റക്കെട്ടാണെന്ന് തങ്ങളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് ആലിക്കുട്ടി മുസ്ലിയാരെ മുസ്ലിം ലീഗ് വിലക്കിയെന്ന ആരോപണവും സമസ്ത നിഷേധിച്ചു. ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ക്ഷണപ്രകാരമാണ് ജിഫ്രി മുത്തുകോയ തങ്ങളും ആലിക്കുട്ടി മുസ്ലിയാരും ഉൾപ്പെടെയുള്ള സമസ്ത നേതാക്കൾ പാണക്കാട് എത്തിയത്.
ലീഗും സമസ്തയും എക്കാലത്തും ഒറ്റക്കെട്ടാണെന്നു വിവാദങ്ങൾക്കിടെയുള്ള കൂടിക്കാഴ്ചക്ക് ശേഷം സമസ്ത അധ്യക്ഷൻ പറഞ്ഞു. ഇരുകൂട്ടർക്കുമിടയിൽ ഭിന്നതയുണ്ടെന്നത് തെറ്റായ പ്രചരണമാണെന്ന് ഹൈദരലി തങ്ങളും വിശദീകരിച്ചു. കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി മലപ്പുറത്ത് എത്തിയപ്പോൾ ആലിക്കുട്ടി മുസ്ലിയാർ വിട്ട് നിന്നതിന് പിന്നിൽ മുസ്ലിം ലീഗിന്റെ സമ്മർദ്ദവും ഭീഷണിയുമാണെന്ന ആരോപണം ജിഫ്രി തങ്ങൾ നിഷേധിച്ചു. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ ആലിക്കുട്ടി മുസ്ലിയാർ തയ്യാറായില്ല. വിവിധ വിഷയങ്ങളിൽ വിമർശനങ്ങളുമായി സമസ്തയുടെ കീഴ്ഘടകങ്ങൾ രംഗത്ത് വന്നതോടെയാണ് അനുരഞ്ജനത്തിന് ലീഗ് നേതൃത്വത്തിൻ്റെ ഇടപെടൽ.