സംസ്ഥാനത്ത് തീയേറ്ററുകൾ ഉടൻ തുറക്കില്ല; വിനോദനികുതിയിൽ ഇളവ് നൽകാതെ മുന്നോട്ട് പോകാനാവില്ലെന്ന് ഫിലിം ചേംബർ
സിനിമ മേഖലക്ക് മുഴുവൻ സർക്കാർ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും ഫിലിം ചേംബർ.

തിയറ്ററുകൾ തുറക്കേണ്ടതില്ലെന്ന് ഫിലിം ചേംബർ തീരുമാനം. സിനിമകൾ ഇപ്പോൾ വിതരണത്തിന് നൽകില്ല. സിനിമ മേഖലക്ക് മുഴുവൻ സർക്കാർ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും ഫിലിം ചേംബർ. 50 ശതമാനം ആളുകളെ വെച്ച് തിയറ്റർ പ്രവർത്തിപ്പിക്കാൻ കഴിയില്ല. വിനോദനികുതിയിൽ ഇളവ് നൽകാതെ മുന്നോട്ട് പോകാനാവില്ലെന്നും ഫിലിം ചേംബർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തീയറ്റർ ഉടമകൾ ചേർന്ന യോഗത്തിൽ തീയേറ്ററുകൾ ഉടൻ തുറക്കാനായിരുന്നു തീരുമാനം. പന്ത്രണ്ടാം തീയതിയോടെ തീയറ്ററുകൾ തുറക്കാൻ സജ്ജമായിരിക്കും. അതിനുവേണ്ട വൃത്തിയാക്കലുകൾ ജോലികളടക്കം പുരോഗമിക്കുകയാണെന്നും തീയറ്റർ ഉടമകൾ യോഗത്തിന് ശേഷം പറഞ്ഞിരുന്നു.
എന്നാൽ ഇന്ന് നടന്ന ഫിലിം ചേംബറിന്റെ യോഗം അത്തരത്തിലൊരു നീക്കം വേണ്ടായെന്ന സംയുക്ത തീരുമാനത്തിലെത്തുകയായിരുന്നു. സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം എന്നാണ് അവർ ആവശ്യപ്പെടുന്നത്. എങ്കിൽ മാത്രമേ ഈയൊരു പശ്ചാത്തലത്തിൽ തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ സാധിക്കുകയുള്ളു എന്ന് ഫിലിം ചേംബർ പറഞ്ഞു. 102 ഓളം ചിത്രങ്ങൾ ഇപ്പോൾ റിലീസ് ചെയ്യാൻ ഒരുക്കമാണ്. എന്നാൽ 50 ശതമാനം ആളുകളെ മാത്രം വെച്ച് തീയേറ്ററുകൾ പ്രവർത്തിപ്പിക്കുന്നത് സാധ്യമല്ലായെന്നും അവർ പറഞ്ഞു.