തുടക്കത്തിലേ പാളിച്ചകള്‍ സംഭവിച്ചു: ലോക്കല്‍ പോലീസിനും വിചാരണ കോടതിക്കും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
കാര്യക്ഷമതയില്ലാത്ത പോലിസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന പോലിസിന് നാണക്കേടാണെന്ന് കോടതി

വാളയാർ കേസില്‍ പോലീസിനും വിചാരണ കോടതിക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കാര്യക്ഷമതയില്ലാത്ത പോലിസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന പോലിസിന് നാണക്കേടാണെന്ന് കോടതി പറഞ്ഞു. വിചാരണക്കോടതി ജഡ്ജി തെളിവുകള്‍ വേണ്ടവിധം പരിഗണിച്ചില്ലെന്നും ഹൈക്കോടതിയുടെ ഡിവിഷന് ബഞ്ച് കുറ്റപ്പെടുത്തി.
വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തിലെ അന്വേഷണത്തിലും വിചാരണയിലുമുണ്ടായ വീഴ്ചകള്‍ ഗുരുതരമാണെന്ന് ചൂണ്ടികാട്ടിയാണ് ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എം. ആര് അനിത എന്നിവരടങ്ങിയ ഡിവിഷന് ബഞ്ച് ലോക്കല്‍ പോലിസിനെയും വിചാരണ കോടതിയെയും വിമര്‍ശിച്ചത്.
കേസിന്റെ പ്രരംഭഘട്ടത്തിലെ അന്വേഷണം അവജ്ഞ ഉളവാക്കുന്നതാണ് എന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. അന്വേഷണത്തിന്റെ തുടക്കത്തിലേ പാളിച്ചകൾ സംഭവിച്ചു. ഇതു മൂലം പിന്നീട് അന്വേഷണം ഏറ്റെടുത്ത DySP ക്ക് ഫലപ്രദമായി അന്വേഷണം നടത്താനായില്ല. DySPയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണം താരതമ്യേന ഭേദപ്പെട്ടതായിരുന്നുവെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇത്തരത്തില്‍ കാര്യക്ഷമത ഇല്ലാത്ത പോലീസ് ഉദ്യോഗസ്ഥൻ സംസ്ഥാന പോലീസിന് ഒന്നാകെ നാണക്കേടാണ്.
പോലീസ് ഉദ്യോഗസ്ഥർക്ക് ഇത്തരം കേസുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനായി കോടതിയുത്തരവിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്ക് അയച്ചു നല്‍കണമെന്നും ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. പ്രധാന കേസുകളുടെ അന്വേഷണത്തിലെ ഗൗരവതരമായ പാളിച്ചകൾ ഭരണ സംവിധാനത്തോട് അവമതിപ്പ് ഉണ്ടാക്കുമെന്നും കോടതിയുത്തരവില്‍ ചൂണ്ടികാട്ടി.
പോലിസിനോടൊപ്പം തന്നെ വിചാരണക്കോടതിക്കും ഹൈക്കോടതിയുടെ നിശിതമായ വിമർശനമുണ്ട്. വിചാരണക്കോടതി ജഡ്ജിയുടെ പ്രവർത്തനരീതി നിരാശാജനകമാണെന്നും തെളിവുകൾ വേണ്ട രീതിയിൽ പരിഗണിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഹൈക്കോടതി വ്യക്തമാക്കി.