LiveTV

Live

Kerala

പത്തനംതിട്ട, വയനാട്, എറണാകുളം ജില്ലകളില്‍ കോവിഡ് രോഗികള്‍ കൂടുന്നു

17 നു നടക്കുന്ന പൾസ് പോളിയോ തുളളിമരുന്ന് വിതരണത്തില്‍ കോവിഡ് കണ്ടെയിന്‍മെന്‍റ് സോണിലുളളവരെ ഒഴിവാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.

പത്തനംതിട്ട, വയനാട്, എറണാകുളം ജില്ലകളില്‍ കോവിഡ് രോഗികള്‍ കൂടുന്നു

പത്തനംതിട്ട, വയനാട്, എറണാകുളം ജില്ലകളില്‍ കോവിഡ് വ്യാപനനിരക്ക് വർധിച്ചതായി ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ 906 പേർ അറുപതിൽ താഴെ പ്രായമുളളവരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കണ്ടെയിന്‍മെന്‍റ് സോണുകളിൽ പോളിയോ തുളളി മരുന്ന് വിതരണം മാറ്റി വെക്കാനും ആരോഗ്യവകുപ്പ് നിർദേശം നൽകി.

കോവിഡ് വ്യാപനം താരതമ്യേന കുറവായിരുന്ന വയനാട്, പത്തനംതിട്ട ജില്ലകളിൽ ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ട് പ്രകാരം നിലവിലെ സ്ഥിതി ആശങ്കാജനകമാണ്. വയനാട് ജില്ലയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 100 പേരെ പരിശോധിക്കുമ്പോള്‍ 12 ലേറെപ്പേർക്കും ഇവിടെ കോവിഡ് സ്ഥിരീകരിക്കുകയാണ്. പത്തനംതിട്ടയില്‍ പോസിറ്റിവിറ്റി രണ്ട് ശതമാനത്തിലധികം വർധിച്ച് 11.6 ആയി. പ്രതിദിന രോഗികൾ കൂടുതലായ എറണാകുളത്തും പോസിറ്റിവിറ്റി നിരക്ക് ഉയർന്നതായി ആരോഗ്യവകുപ്പിന്‍റ് പ്രതിവാര റിപ്പോർട്ടിൽ കാണാം.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പ്രായം അടിസ്ഥാനമാക്കിയുള്ള കണക്കും റിപ്പോർട്ടിലുണ്ട്. 10 വയസിനു താഴെയുളള ആറ് കുട്ടികളും പതിനൊന്നിനും ഇരുപതിനുമിടയിൽ പ്രായമുള്ള 9 പേരും മരിച്ചു. 21 നും നാല്പതിനും ഇടയിലുളള 112 പേരും 40 നും 60നും മധ്യേയുള്ള 779 പേരും കോവിഡിന് കീഴടങ്ങി. 60-ന് മുകളില്‍ പ്രായമുളള 2,210 പേരും മരിച്ചു. 95 ശതമാനത്തിനും മറ്റ് ഗുരുതര രോഗങ്ങള്‍ കൂടി ഉണ്ടായിരുന്നു.

അതേസമയം റിവേഴ്സ് ക്വാറന്‍റൈനിലെ വീഴ്ച് കൂടി വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. 17 നു നടക്കുന്ന പൾസ് പോളിയോ തുളളിമരുന്ന് വിതരണത്തില്‍ കോവിഡ് കണ്ടെയിന്‍മെന്‍റ് സോണിലുളളവരെ ഒഴിവാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.