കതിരൂർ മനോജ് വധക്കേസ്; പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയത് ഹൈക്കോടതി ശരിവെച്ചു
സി.പി.എം നേതാവ് പി. ജയരാജൻ അടക്കമുള്ളവരുടെ ഹരജി കോടതി തള്ളി
ആർ.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിൽ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയത് ഹൈക്കോടതി ശരിവെച്ചു. പി.ജയരാജനടക്കം സി.പി.എം പ്രവർത്തകരായ 25 പ്രതികൾ നൽകിയ അപ്പീൽ തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.
കതിരൂർ മനോജ് വധക്കസിൽ യു.എ.പി.എ ചുമത്തിയതിനെതിരായ ഹരജികൾ സിംഗിൾ ബെഞ്ച് തള്ളിയതിനെതിരെയാണ് പി.ജയരാജൻ അടക്കമുള്ള പ്രതികൾ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകിയത്.
യു.എ.പി.എ ചുമത്താൻ സംസ്ഥാന സർക്കാരിന്റെ അനുമതി വേണമെന്നും അതില്ലാതെ കേന്ദ്ര സർക്കാറാണ് അനുമതി നൽകിയിരിക്കുന്നതെന്നുമുള്ള വാദം അംഗീകരിക്കാതെയാണ് സിംഗിൾ ബെഞ്ച് ഹരജി തള്ളിയതെന്ന് ചൂണ്ടി കാട്ടിയായിരുന്നു അപ്പീൽ. ഇക്കാര്യം വിചാരണ വേളയിൽ പരിശോധിച്ചാല്‍ മതിയെന്ന സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു .ഇത് വസ്തുതകൾ മനസിലാക്കാതെയാണ്. അന്വേഷണ ഏജന്‍സിയായ സി.ബി.ഐ കേന്ദ്രസര്‍ക്കാറിന് കീഴിലായതിനാല്‍ കേന്ദ്രത്തിന്റെ അനുമതി മതിയെന്നാണ് മാര്‍ച്ച് 15ന് സിംഗിള്‍ബെഞ്ച് വിധിച്ചത്.
കൊലപാതകം നടന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഭൂമിശാസ്ത്രപരമായ അധികാര പരിധിയിലായതിനാല്‍ അനുമതി നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. യു.എ.പി.എ കുറ്റം ചുമത്തിയതിനാൽ അഞ്ചു വര്‍ഷമായി ജയിലില്‍ കഴിയുന്ന കേസിലെ 15 പ്രതികള്‍ക്ക് ജാമ്യം പോലും ലഭിക്കുന്നില്ല. കേസിന്റെ വിചാരണ വൈകുകയാണെന്നും സിംഗിൾ ബെഞ്ച് ഉത്തരവും യു.എ.പി.എ ചുമത്തിയ നടപടിയും റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാൽ സിംഗിൾ ബഞ്ച് നിരീക്ഷണം ശരിവച്ച് അപ്പീൽ സിവിഷൻ ബഞ്ച് തള്ളുകയായിരുന്നു
2014 സെപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെടുന്നത്. 2018ലാണ് കേസില്‍ പി.ജയരാജനെതിരെ യു.എ.പി.എ ചുമത്തുന്നത്. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന് മുഖ്യപങ്കുണ്ടെന്നാണ് കുറ്റപത്രത്തിൽ സി.ബി.ഐ വ്യക്തമാക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ജയരാജനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണ് ഗൂഢാലോചനയ്ക്ക് കാരണം. മനോജിനെ വധിക്കാൻ ക്വട്ടേഷൻ സംഘത്തെ നിയോഗിക്കുകയായിരുന്നുവെന്നും സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു.
സംഘം ചേർന്ന് ആക്രമിക്കൽ, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യൽ തുടങ്ങിയ വകുപ്പുകളാണ് സിബിഐ ചുമത്തിയിരിക്കുന്നത്. കേസിൽ 25-ാം പ്രതിയാണ് ജയരാജൻ.