LiveTV

Live

Kerala

കോണ്‍ഗ്രസില്‍ തലമുറമാറ്റം വേണം, ഗ്രൂപ്പിന് അതീതമായി ഒന്നിച്ചുനില്‍ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്

നിയമസഭ സീറ്റിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും പരമാവധി സീറ്റ് വേണമെന്ന് ആവശ്യം

കോണ്‍ഗ്രസില്‍ തലമുറമാറ്റം വേണം,  ഗ്രൂപ്പിന് അതീതമായി ഒന്നിച്ചുനില്‍ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്

കോൺഗ്രസിൽ സമ്മർദ ശക്തിയാവാൻ യൂത്ത് കോൺഗ്രസ് നീക്കം. ഗ്രൂപ്പിന് അതീതമായി യുവജന നേതാക്കൾ ഒന്നിച്ച് നിൽക്കുമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. കോൺഗ്രസിൽ തലമുറ മാറ്റം ഉണ്ടാകണമെന്നും പാലക്കാട് മലമ്പുഴയിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ ആവശ്യമുയർന്നു

നിയമസഭ സീറ്റിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും പരമാവധി സീറ്റ് വേണം. തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കൾ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇത് തെളിയിക്കാനായി യുവജന പ്രതിനിധികളെ വിളിച്ച് എയ്ജ് ഓഡിറ്റ് നടത്തി പാർട്ടിക്ക് മുന്നിൽ അവതരിപ്പിക്കും. ഗ്രൂപ്പുകൾ പലതുണ്ടെങ്കിലും യുവ നേതാക്കൾ തിരുത്തൽ ശക്തിയായി ഒന്നിച്ച് നിൽക്കും.

അധികാരത്തിലെത്തിയാൽ മന്ത്രി സ്ഥാനം ഉൾപ്പെടെ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വേണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. കോൺഗ്രസ് നേതാക്കളുടെ സമീപനം മാറണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയും നേതാക്കൾക്കിടയിലെ അഭിപ്രായ ഭിന്നതയും ഉൾപ്പെടെ ചൂണ്ടിക്കാട്ടി പ്രമേയം അവതരിപ്പിച്ച് കെ.പി.സി.സി, എ.ഐ.സി.സി നേതാക്കൾക്ക് നൽകാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. നിലവിലെ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസിന്‍റെ ആവശ്യങ്ങൾ പൂർണമായി തള്ളിക്കളയാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയില്ല.