ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കിയ സംഭവം; കോടതിയുടേത് ഇരട്ടനീതി -സോളിഡാരിറ്റി
എന്‍.ഐ.എ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതിയാണ് ത്വാഹയുടെ ജാമ്യം റദ്ദാക്കി വിധി പ്രസ്താവിച്ചത്

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കിയ വിധി കോടതിയുടേത് ഇരട്ടനീതിയാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്. രാഷ്ട്രീയ ലാഭങ്ങള്‍ക്കായി യു.എ.പി.എ ചുമത്തി എന്‍.ഐ.എ തിരക്കഥകള്‍ക്ക് വഴിയൊരുക്കിയത് കേരളസര്ക്കാറാണെന്നും സോളിഡാരിറ്റി ആരോപിച്ചു.
എന്‍.ഐ.എ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതിയാണ് ത്വാഹയുടെ ജാമ്യം റദ്ദാക്കി വിധി പ്രസ്താവിച്ചത്. അലന് ഷുഹൈബിന്റെ ജാമ്യം തുടരുമെന്നും കോടതി വിധിയില്‍ പറയുന്നു.

അലന്റെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തുവെന്ന് എന്‍.ഐ.എ പറയുന്ന ലഘുലേഖ യു.എ.പി.എ ചുമത്താന്‍ പര്യാപ്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചികിത്സയും പ്രായവും പരിഗണിച്ചാണ് അലന്റെ ജാമ്യം കോടതി റദ്ദാക്കാതിരുന്നത്.
പന്തീരങ്കാവ് യു.എ.പി.എ കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കാന്‍ ശ്രമം നടക്കുന്നതായി അലന് ഷുഹൈബ് നേരത്തെ ആരോപിച്ചിരുന്നു. കൂട്ടുപ്രതിയായ ത്വാഹക്കെതിരെ മൊഴി നൽകാനാണ് സമ്മർദ്ദമെന്നും എന്നാല്‍ താനതിന് തയാറല്ലന്നും അലൻ എന്‍.ഐ.എ കോടതിയില്‍ പറഞ്ഞിരുന്നു.