LiveTV

Live

Kerala

മതങ്ങളെ തമ്മിലടിപ്പിക്കാൻ മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നു, ഇത് അപകടകരമായ കളി: രമേശ് ചെന്നിത്തല

മതവിഭാഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ സംഘർഷമാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സിപിഎം കൂട്ടുകെട്ടുണ്ടാക്കിയെന്നും ചെന്നിത്തല ആരോപിച്ചു.

മതങ്ങളെ തമ്മിലടിപ്പിക്കാൻ മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നു, ഇത് അപകടകരമായ കളി: രമേശ് ചെന്നിത്തല

കേരളത്തിന്‍റെ മതസൗഹാർദം തകർക്കാൻ മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതവിഭാഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ സംഘർഷമാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. അപകടകരമായ രാഷ്ടീയമാണ് സിപിഎം കളിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സിപിഎം കൂട്ടുകെട്ടുണ്ടാക്കിയെന്നും ചെന്നിത്തല ആരോപിച്ചു.

മുസ്‍ലിം ലീഗിനെ ചെളിവാരി എറിയുകയാണ് സിപിഎം. മതസൗഹാർദം നിലനിർത്താൻ ലീഗ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ബിജെപിയെ ശക്തിപ്പെടുത്തി കോൺഗ്രസിനെയും ലീഗിനെയും തളർത്തുന്ന ഹീന പ്രവൃത്തിയാണ് നടക്കുന്നത്. ബിജെപിയുമായും എസ്ഡിപിഐയുമായും സിപിഎമ്മിന് രഹസ്യ ധാരണയുണ്ട്. നാല് വോട്ടിന് വേണ്ടി ഏത് വർഗീയ കാർഡും സിപിഎം കളിക്കുന്നു. ഇതിൽ നിന്ന് പിന്തിരിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

യുഡിഎഫ് കൂടുതൽ കെട്ടുറപ്പോടെ ജനങ്ങളിലേക്ക് ഇറങ്ങും. തെരഞ്ഞെടുപ്പോടെ ഒരു ആരോപണവും മാഞ്ഞ് പോയിട്ടില്ല. ഒരു തെരഞ്ഞെടുപ്പ് ഫലത്തോടെ ആരോപണങ്ങൾ വെള്ളപൂശിയെന്ന് ജനങ്ങൾ വിശ്വസിക്കില്ല. പ്രതിപക്ഷ ആരോപണങ്ങൾ പ്രസക്തമാണ്. ആരോപണങ്ങൾ ഉയർത്തി യുഡിഎഫ് മുന്നോട്ട് പോകും. അഴിമതിയിൽ മുങ്ങിയ സർക്കാറാണ് അഴിമതി മുക്ത കേരളം നടപ്പാക്കാന്‍ നോക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

ഉമ്മൻചാണ്ടി യുഡിഎഫിന്‍റെ ഏത് പദവിയിലേക്ക് വരുന്നതിലും സന്തോഷമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കുക ഹൈക്കമാൻഡാണ്. തീരുമാനം എല്ലാവരും അംഗീകരിക്കും. താൻ മത്സരിക്കുകയാണെങ്കിൽ അത് ഹരിപ്പാട് തന്നെയാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.