LiveTV

Live

Kerala

അനില്‍ പനച്ചൂരാന്‍റെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്തു

ഭാര്യ മായയുടെ പരാതിയിലാണ് അസ്വാഭാവിക മരണത്തിന് കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്‍തത്. കുടുംബത്തിന്റെ ആവശ്യപ്രകാരം മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും.

അനില്‍ പനച്ചൂരാന്‍റെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്തു

ഇന്നലെ അന്തരിച്ച കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മരണത്തിൽ പൊലീസ് കേസെടുത്തു. ഭാര്യ മായയുടെ പരാതിയിലാണ് അസ്വാഭാവിക മരണത്തിന് കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്‍തത്. കുടുംബത്തിന്റെ ആവശ്യപ്രകാരം മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. രക്തം ഛര്‍ദ്ദിച്ചതിനാലാണ് പോസ്റ്റ്മോര്‍ട്ടം ആവശ്യപ്പെട്ടതെന്ന് കുടുംബം വ്യക്തമാക്കി. തിരുവനന്തപുരത്ത് നിന്നും സ്വദേശമായ കായംകുളത്തേക്ക് കൊണ്ടുപോകും. ഇന്ന് വൈകീട്ടാണ് സംസ്കാരം.

അനില്‍ പനച്ചൂരാന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ല. പെട്ടെന്നുണ്ടായ മരണമാണ്. മരണ കാരണം അറിയണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കായംകുളം പൊലീസിനെ സമീപിക്കുകയായിരുന്നു. കായംകുളം പൊലീസ് തിരുവനന്തപുരത്തെത്തി അന്വേഷിക്കും.

ഇന്നലെയാണ് അനില്‍ പനച്ചൂരാന്‍ മരിച്ചത്. രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം പ്രഭാത സവാരി നടത്തുന്നതിനിടെ തലകറങ്ങി വീണു. തുടര്‍ന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു പിന്നീട് കരുനാഗപ്പള്ളിയിലെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് അന്ത്യം. 51 വയസായിരുന്നു.

ലാൽജോസ് ചിത്രം അറബിക്കഥയിലെ ‘ചോര വീണ മണ്ണിൽ’, ‘തിരിക ഞാൻ വരുമെന്ന വാർത്ത’ എന്നീ പാട്ടുകള്‍ ഏറെ പ്രസിദ്ധമാണ്. കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ’ എന്ന ഗാനവും ഹിറ്റായി. ഭ്രമരം, സീനിയേഴ്സ്, മാടമ്പി, ലൗഡ്‌സ്പീക്കർ, പാസഞ്ചർ, ബോഡിഗാർഡ്, അർജുനൻ സാക്ഷി, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല് തുടങ്ങിയ സിനിമകളിലും ഗാനരചന നിർവഹിച്ചു.

വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം, ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ തുടങ്ങിയ കവിതകൾ ഏറെ പ്രശസ്തമാണ്. ഓഡിയോ രൂപത്തിലിറങ്ങിയ അദ്ദേഹത്തിന്റെ കവിതകൾ ഏറെ ജനപ്രിയമാണ്.