പന്തീരങ്കാവ് യു.എ.പി.എ കേസ്; ത്വാഹയുടെ ജാമ്യം റദ്ദാക്കി, അലന് ഷുഹൈബിന്റെ ജാമ്യം തുടരും
അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ ത്വാഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. അലന് ഷുഹൈബിന്റെ ജാമ്യം തുടരും. ത്വാഹയോട് ഉടന്‍ കീഴടങ്ങാനും ഹൈക്കോടതി നിർദേശിച്ചു. അലന് ഷുഹൈബില്‍ നിന്ന് പിടിച്ചെടുത്ത തെളിവുകള്‍ യു.എ.പി.എ ചുമത്താന്‍ പര്യാപ്തമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്ത് എന്‍.ഐ.എ നല്കിയ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്.
മാവോവാദി ബന്ധം ആരോപിച്ച് പിടിയിലായ പന്തീരങ്കാവ് യു.എ.പി.എ.കേസ് പ്രതികളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവര്‍ക്ക് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇരുവരുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.ഐ.എയാണ് ഹൈക്കോടതിയില്‍ അപ്പീൽ നല്‍കിയത്.
2019 നവംബർ ഒന്നിന് അറസ്റ്റിലായ പ്രതികളിൽ നിന്ന് മാവോയിസ്റ്റ് അനുകൂല രേഖകളും മറ്റും പിടിച്ചെടുത്തുവെന്ന പേരിൽ കേസിൽ യു.എ.പി.എ ചുമത്തുകയും അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കുകയുമായിരുന്നു. എന്‍.ഐ.എയുടെ അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് എസ്. ഹരിപ്രസാദ്, ജസ്റ്റിസ് കെ. ഹരിപാൽ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അലന് ഷുഹൈബിന് ജാമ്യം തുടരാമെന്ന് വ്യക്തമാക്കി. അലന്റെ പ്രായവും രോഗത്തിന് ചികിത്സ തേടുന്ന സാഹചര്യവും കോടതി പരിഗണിച്ചു. അതൊടൊപ്പം അലന്റെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ യു.എ.പി.എ ചുമത്താന്‍ പര്യാപ്തമല്ലെന്നും കോടതി വിലയിരുത്തി.
എന്നാല്‍ ത്വാഹ ഫസലിന്റെ വീട്ടിൽ നിന്നടക്കം റെയ്ഡിൽ പിടിച്ചെടുത്ത രേഖകളും അനുബന്ധ തെളിവുകളും ഗൗരവമുള്ളതാണ്. കശ്മീരിനെ പ്രത്യേക രാജ്യമായി ചിത്രീകരിക്കുന്ന ഭൂപടവും, മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങളുമെല്ലാം തള്ളിക്കളയാനാകില്ല. ഈ സാഹചര്യത്തിൽ ത്വാഹയ്ക്കെതിരെ യു.എ.പി.എ പ്രകാരം ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയാണ് ജാമ്യം റദ്ദാക്കിയത്.
പ്രതിയോട് ഉടൻ വിചാരണക്കോടതിയില്‍ ഹാജരാകാണമെന്നും നിര്‍ദേശം നല്കി. കേസിന്റെ വിചാരണ അനന്തമായി നീട്ടികൊണ്ടുപോകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനാണ് ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചത്.
പ്രതികളിൽ നിന്നു പിടിച്ചെടുത്ത രേഖകളും മറ്റ് തെളിവുകളും ആക്രമണത്തിനുള്ള ഗൂഢാലോചനയായി വിലയിരുത്താൻ കഴിയില്ലെന്ന് വിചാരണക്കോടതിയുടെ കണ്ടെത്തല്‍ അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.