നെട്ടുകാല്‍ത്തേരി ജയിലില്‍ നിന്ന് കൊലക്കേസ് പ്രതികള്‍ രക്ഷപ്പെട്ട സംഭവം; ഇരുട്ടില്‍ തപ്പി ജയില്‍ വകുപ്പും പൊലീസും
രണ്ടാഴ്ചയാകുമ്പോഴും പ്രതികള്‍ എവിടെയെന്ന് വ്യക്തമായ സൂചനയില്ല

തിരുവനന്തപുരം നെട്ടുകാല്‍ത്തേരി ജയിലില്‍ നിന്ന് കൊലക്കേസ് പ്രതികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ ഇരുട്ടില്‍ തപ്പി ജയില്‍ വകുപ്പും പൊലീസും. രണ്ടാഴ്ചയാകുമ്പോഴും പ്രതികള്‍ എവിടെയെന്ന് വ്യക്തമായ സൂചനയില്ല. പ്രതികള്‍ സംസ്ഥാനം വിട്ടോയെന്ന് സ്ഥിരീകരിക്കാന്‍ പോലും പൊലീസിനായിട്ടില്ല.
നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് ഇക്കഴിഞ്ഞ ഡിസംബര്‍ 23നാണ് കൊലക്കേസ് പ്രതികളായ രാജേഷ്കുമാര്‍, ശ്രീനിവാസന് എന്നിവര്‍ രക്ഷപ്പെട്ടത്. അന്വേഷണത്തിന് നെടുമങ്ങാട് ഡി.വൈ.എസ്.പി, നെയ്യാര്‍ ഡാം സി.ഐ എന്നിവരുള്‍പ്പെടുന്ന പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ടാഴ്ചയാകുമ്പോഴും ഇരുട്ടില്‍ തപ്പുകയാണ് ജയില്‍ വകുപ്പും പൊലീസും. പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്നും ഉടന്‍ പിടികൂടുമെന്നുമാണ് പൊലീസ് നല്കുന്ന മറുപടി. എന്നാല്‍ പ്രതികള്‍ സംസ്ഥാനത്തോ, പുറത്തോ എന്ന കാര്യത്തില്‍ പോലും വ്യക്തത വരുത്താനായിട്ടില്ലെന്നാണ് വിവരം. ഷാഡോ സംഘത്തിന്റെയടക്കം സഹായത്തോടെ സംസ്ഥാനത്തിന് പുറത്തും അന്വേഷണം നടക്കുന്നുണ്ട്. കോളിളക്കം സൃഷ്ടിച്ച ആര്യാ കൊലക്കേസില്‍ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിയ്ക്കുകയും പിന്നീട് ജീവപര്യന്തമായി ഇളവ് ലഭിക്കുകയും ചെയ്ത പ്രതിയാണ് രക്ഷപ്പെട്ട രാജേഷ്.
പാലക്കാട് ഗര്‍ഭിണിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീനിവാസന്. രാജേഷ് തിരുവനന്തപുരം സ്വദേശിയും ശ്രീനിവാസന് പാലക്കാട് സ്വദേശിയും ആണ്. പ്രതികളുടെ സ്വന്തം ജില്ലകളില്‍ പരിശോധന തുടക്കം തന്നെ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.