മാണി സി കാപ്പന് വിഭാഗം യുഡിഎഫിലേക്ക് പോയാലും പ്രശ്നമില്ലെന്ന നിലപാടിൽ സിപിഎം
മാണി സി കാപ്പന് അടക്കമുള്ള വിഭാഗം മുന്നണി വിട്ടാലും വോട്ട് വിഹിതത്തില്‍ കാര്യമായ കുറവുണ്ടാകില്ലെന്നാണ് സിപിഎം കണക്ക് കൂട്ടല്‍

എന്‍സിപിയിലെ ഒരു വിഭാഗം യുഡിഎഫിലേക്ക് പോയാലും പ്രശ്നമില്ലെന്ന നിലപാടിൽ സിപിഎം. മാണി സി കാപ്പന് അടക്കമുള്ള വിഭാഗം മുന്നണി വിട്ടാലും വോട്ട് വിഹിതത്തില്‍ കാര്യമായ കുറവുണ്ടാകില്ലെന്നാണ് സിപിഎം കണക്ക് കൂട്ടല്‍. എ കെ ശശീന്ദ്രനെ കൂടെ നിര്‍ത്തി എന്‍സിപി പിളര്‍ന്നുവെന്ന പ്രതീതി സൃഷ്ടിക്കാനും സിപിഎം ശ്രമിക്കുന്നുണ്ട്.
എന്‍സിപി പാലാ സീറ്റ് ജയിച്ചെങ്കിലും ജോസ് കെ മാണി വന്നതോടെ ഇടതിന് പ്രിയം കേരള കോണ്‍ഗ്രസ് എമ്മിനോടാണ്. ജോസിന്റെ പാര്‍ട്ടിക്ക് മധ്യകേരളത്തിലെ ക്രൈസ്തവ മേഖലകളില്‍ സ്വാധീനമുണ്ടെന്ന് തദ്ദേശ തെരഞ്ഞെടുപ്പോടെ തെളിഞ്ഞുവെന്നാണ് സിപിഎം നിലപാട്. അതുകൊണ്ട് തന്നെ പാലാ സീറ്റില്‍ ജോസ് അവകാശവാദമുന്നയിച്ചാല്‍ തള്ളിക്കളയാനാകില്ല. എന്‍സിപിയിലെ ഒരു വിഭാഗം മുന്നണി വിട്ടാലും ജോസിന്റെ പാര്‍ട്ടിയെ ചേര്‍ത്ത് പിടിക്കാനാണ് സിപിഎം തീരുമാനം.
ഒരു സീറ്റിൻറെ പേര് പറഞ്ഞു വിലപേശാൻ ഇനിയും എന്‍സിപിയിലെ ഒരു വിഭാഗം തയ്യാറായാൽ കടുത്ത നിലപാടിലേക്ക് ഇടതുമുന്നണി നീങ്ങും. പാലാ സീറ്റിനായുള്ള മണി സി കാപ്പന്റെ ആവശ്യം വ്യക്തിപരമാണെന്നും എൻസിപിയുടെ പൊതുനിലപാടല്ലെന്നും സിപിഎം കരുതുന്നു. യുഡിഎഫ് നേതാക്കള്‍ തുടര്‍ച്ചയായി ക്ഷണിക്കുന്നത് മാണി സി കാപ്പന് വിലപേശല്‍ തന്ത്രമായി ഉപയോഗിക്കുന്നുണ്ടോയെന്ന സംശയവും ഇടത് കേന്ദ്രങ്ങള്‍ക്കുണ്ട്.
മാണി സി കാപ്പനും ടി പി പീതാംബരനും പോയാലും എ കെ ശശീന്ദ്രനെ കൂടെ നിര്‍ത്തി പാര്‍ട്ടി പിളര്‍ന്നുവെന്ന പ്രതീതി സൃഷിക്കാമെന്ന നീക്കമാണ് ഇടത് കേന്ദ്രങ്ങള്‍ നടത്തുന്നത്. എന്‍സിപി പിളര്‍ന്നാല്‍ എ കെ ശശീന്ദ്രനും തോമസ് ചാണ്ടിയുടെ സഹോദരന് തോമസ് കെ തോമസും എന്‍സിപിയുടെ ഏഴോളം ജില്ലാ കമ്മിറ്റികളും ഒപ്പമുണ്ടാകുമെന്നാണ് സിപിഎം വിലയിരുത്തല്‍.