LiveTV

Live

Kerala

തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോയില്ലെങ്കില്‍ ഇനിയും തോല്‍വികള്‍ നേരിടേണ്ടി വരും; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോൺഗ്രസ്

റിബലുകൾക്കെതിരെ നടപടിയെടുക്കുന്നതു പോലെ ജന വിരുദ്ധരെ സ്ഥാനാർത്ഥികളാക്കിയവർക്കെതിരെയും നടപടിയെടുക്കണമെന്നും യൂത്ത് കോൺഗ്രസ് യോഗത്തിൽ ആവശ്യമുയർന്നു

തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോയില്ലെങ്കില്‍ ഇനിയും തോല്‍വികള്‍ നേരിടേണ്ടി വരും; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം. ഗ്രൂപ്പ് നേതാക്കളുടെ ഇഷ്ടക്കാർക്കായി തദ്ദേശ തെരഞ്ഞെടുപ്പിൽ സ്റ്റാറ്റസ് കോ ഉണ്ടാക്കിയത് തിരിച്ചടിയായതായി സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എം.എൽ.എ തന്നെ കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെയും വിമർശനം ഉയർന്നുവന്നു.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എം.എല്‍.എ അടക്കം നിരവധി നേതാക്കളാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തുവന്നത്. ഗ്രൂപ്പിലെ ഇഷ്ടക്കാരെ തിരുകി കയറ്റാനായി പലരെയും വെട്ടി നിർത്തിയതായി ഷാഫി പറമ്പിൽ കുറ്റപെടുത്തി.

തൊട്ടുപിന്നാലെ അതിരൂക്ഷ വിമർശനങ്ങളുമായി മറ്റ് നേതാക്കളും രംഗത്ത് വന്നു. ഗ്രൂപ്പ് നേതാക്കളുടെ കാറിൽ കയറുന്നതും കാർ ഓടിക്കുന്നതും സ്ഥാനാർത്ഥിയാകാൻ യോഗ്യതയായി കാണുന്നതായി സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് ചന്ദ്രൻ പറഞ്ഞു.

റിബലുകൾക്കെതിരെ നടപടിയെടുക്കുന്നതു പോലെ ജന വിരുദ്ധരെ സ്ഥാനാർത്ഥികളാക്കിയവർക്കെതിരെയും നടപടിയെടുക്കണമെന്നും യൂത്ത് കോൺഗ്രസ് യോഗത്തിൽ ആവശ്യമുയർന്നു. ചിലർ കെ.പി.സി.സിയെ തന്നെ പിരിച്ചുവിടണമെന്നും ആവശ്യപ്പെടുകയുണ്ടായി. തെറ്റ് തിരുത്തി മുന്നോട്ടു പോയില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ തോൽവി ആയിരിക്കും കോൺഗ്രസിനെ കാത്തിരിക്കുന്നു നേതാക്കൾ പറഞ്ഞു.

സംഘടന തെരഞ്ഞെടുപ്പിന്‍റെ പേരിൽ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം പണം ദൂർത്തടിച്ചെന്നും വിമർശനം ഉയർന്നു. സംസ്ഥാന കമ്മറ്റി അംഗങ്ങളും, ജില്ലാ പ്രസിഡന്റുമാരുമാണ് സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കുന്നത്. ദേശീയ പ്രസിഡന്‍റടക്കം ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.