തിരുവാഭരണ പാത നവീകരണത്തിനുളള പദ്ധതിക്ക് അടുത്ത മാസം തുടക്കമായേക്കും
റീ ബിൽഡ് കേരളയുടെ ഭാഗമായി പ്രഖ്യാപിച്ച പ്രവൃത്തികളുടെ വിശദ പദ്ധതി രേഖ തയാറാക്കിവരികയാണന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്

ശബരിമലയിലേക്കുള്ള തിരുവാഭരണ പാത നവീകരണത്തിനുളള പദ്ധതിക്ക് അടുത്ത മാസം തുടക്കമായേക്കും. റീ ബിൽഡ് കേരളയുടെ ഭാഗമായി പ്രഖ്യാപിച്ച പ്രവൃത്തികളുടെ വിശദ പദ്ധതി രേഖ തയാറാക്കിവരികയാണന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.
അതേസമയം, മകരവിളക്കിനു മുന്നോടിയായി തിരുവാഭരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാത വൃത്തിയാക്കുന്ന ജോലികൾ തുടങ്ങി. പന്തളം മുതൽ സന്നിധാനം വരെയുള്ള തിരുവാഭരണ പാത രണ്ടിടങ്ങളിൽ നവീകരിക്കുന്ന ജോലികൾ സംബന്ധിച്ചാണ് സർക്കാർ തലത്തിൽ ധാരണ ആയിട്ടുളളത്.
കീക്കൊഴൂർ മുതൽ ആയിക്കൽ വരെയുളള ഭാഗത്തെ പാത റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാകും നന്നാക്കുക. ഇതിനായി പദ്ധതി വിഹിതമായി ഒരു കോടി രൂപ അനുവദിച്ചു.
കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് പുറമ്പോക്ക് സ്ഥലങ്ങള്‍ കൂടി ഉപയോഗപ്പെടുത്തിയാകും പാതയുടെ നവീകരണം നടപ്പിലാക്കുക. അതേ സമയം തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്നതിന് മുന്നോടിയായി തിരുവാഭരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വഴി സഞ്ചാരയോഗ്യമാക്കുന്നതിനുളള പ്രവൃത്തികൾ തുടങ്ങി.
82 കിലോമീറ്റർ നീണ്ട തിരുവാഭരണ പാതയുടെ വിവിധ ഭാഗങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് വിനയോഗിച്ചാണ് നവീകരണ ജോലികൾ ചെയ്യുന്നത്.
മകര വിളക്കിന് ദിവസങ്ങൾ മാത്രമേ മുന്നിൽ ഉള്ളൂവെങ്കിലും നാലു ദിവസംകൊണ്ട് ജോലികൾ പൂർത്തിയാകുമെന്നാണ് തിരുവാഭരണ സംരക്ഷണ സമിതിയുടെ പ്രതീക്ഷ. ഈ മാസം 12നു ഉച്ചയ്ക്ക് ഒരു മണിയോടെ പന്തളം കൊട്ടാരത്തിൽ നിന്നാണ് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുക.