ജയസൂര്യ വാക്ക് പാലിച്ചു; സജ്നാസ് കിച്ചണ്‍ യാഥാര്‍ഥ്യമായി
സജ്നയും കൂട്ടുകാരും ഉണ്ടാക്കുന്ന ബിരിയാണിയും കൊതിയൂറുന്ന വിഭവങ്ങളും ഇനി പറവൂര്‍ കവലയിലെ സജ്നാസ് കിച്ചണില്‍ ലഭിക്കും.
നടന് ജയസൂര്യ വാക്ക് പാലിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ സജ്ന ഷാജിക്ക് സ്വന്തമായി ഹോട്ടല്‍. സജ്നയും കൂട്ടുകാരും ഉണ്ടാക്കുന്ന ബിരിയാണിയും കൊതിയൂറുന്ന വിഭവങ്ങളും ഇനി പറവൂര്‍ കവലയിലെ സജ്നാസ് കിച്ചണില്‍ ലഭിക്കും.
തെരുവില്‍ ബിരിയാണി വില്പന നടത്തവേ ഉണ്ടായ ചില പ്രശ്നങ്ങളും അതുവഴിയുണ്ടായ ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി സജ്ന പോസ്റ്റ് ചെയ്ത എഫ്ബി പോസ്റ്റാണ് വഴിത്തിരിവായത്. ജയസൂര്യ ഉള്‍പ്പെടെയുളളവര്‍ സഹായം വാഗ്ദാനം ചെയ്തു.
പിന്നീട് സജ്നയുടെ എഫ്ബി പോസ്റ്റിനെക്കുറിച്ച് വലിയ വിവാദവും ഉണ്ടായി. ഇതോടെ സഹായവുമായി മുന്നോട്ട് വന്ന മന്ത്രി കെ കെ ശൈലജയടക്കം പിന്നോക്കം പോയെന്ന് സജ്ന പറയുന്നു. എന്നാല്‍ ജയസൂര്യ വാക്ക് പാലിച്ചു. ആലുവ-പറവൂര്‍ റോഡിലാണ് ഈ സംരംഭം.
ട്രാന്‍സ്ജെന്‍ഡറായി ജീവിക്കാന്‍ തുടങ്ങിയത് മുതല്‍ നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് ജീവിത വിജയത്തിലേക്കെത്തിയ സജ്ന നിരവധി തവണ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എറണാകുളം ജില്ലയിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ് എല്ലാം സജ്നയ്ക്ക് സ്വന്തം. ഇന്നിപ്പോള്‍ അഭിമാനത്തോടെ മികച്ച ട്രാന്‍സ്ജെന്‍ഡര്‍ സംരംഭക എന്ന നിലയിലും സജ്ന വ്യത്യസ്തയാവുകയാണ്.