നായർ, ഈഴവ വിഭാഗങ്ങള്‍ക്കിടയിലെ ബിജെപി സ്വാധീനം ആശങ്കാജനകമെന്ന് സിപിഎം
ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലും മുസ്ലിം സമുദായത്തിലെ നിഷ്പക്ഷ-പുരോഗമന വാദികള്‍ക്കിടയിലും ഇടതുമുന്നണിക്ക് സ്വാധീനം വര്‍ധിപ്പിക്കാനായെന്നും സിപിഎം വിലയിരുത്തല്‍

ഈഴവ, നായര്‍ വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപി സ്വാധീനം വര്‍ധിപ്പിക്കുന്നത് ആശങ്കാജനകമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി. എന്നാല്‍ ബിജെപിക്ക് ആശങ്കപ്പെടുത്തുന്ന വളര്‍ച്ച കൈവരിക്കാനായിട്ടില്ല. വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ സ്വീകരിച്ച ശക്തമായ നിലപാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് ഗുണം ചെയ്തെന്നും സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. സംസ്ഥാന നേതൃയോഗം ഇന്ന് അവസാനിക്കും.
സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികള്‍ തന്നെയാണ് തെരഞ്ഞെടുപ്പ് വിജയത്തിന്റെ പ്രധാന ഘടകമെന്നാണ് സംസ്ഥാന സമിതിയും വിലയിരുത്തിയത്. അതിനാല്‍ ഇത്തരം പദ്ധതികള്‍ തുടരേണ്ടതുണ്ടെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിലേത് പോലെ 15 ശതമാനത്തോളം വോട്ട് മാത്രമാണ് ലഭിച്ചിട്ടുള്ളത്. വോട്ട് വിഹിതത്തില്‍ കാര്യമായ മുന്നേറ്റം ബിജെപി ഉണ്ടാക്കിയിട്ടില്ല. പക്ഷെ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലടക്കം ബിജെപി മുന്നേറ്റം നടത്തിയത് അവഗണിക്കാനാവില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. തൊടുപുഴയിലും ഇടുക്കിയിലെ ചില പ്രദേശങ്ങളിലും ബിജെപി നേട്ടമുണ്ടാക്കിയത് ഈഴവ സമുദായത്തില്‍ സ്വാധീനം വര്‍ധിച്ചതുകൊണ്ടാണ്.
മുന്നാക്ക സംവരണം നടപ്പാക്കിയിട്ടും എന്‍.എസ്.എസ് നേതൃത്വം മുമ്പത്തേക്കാള്‍ അകന്നെന്നും സിപിഎം കണക്ക് കൂട്ടുന്നു. പക്ഷെ വോട്ടിങ്ങില്‍ ഇതുവരെ അത് കാര്യമായി പ്രതിഫലിച്ചിട്ടില്ല. പന്തളത്ത് ബിജെപി മുന്നേറ്റത്തിന് പ്രധാന കാരണം മുന്നണിക്കുള്ളിലെ ചില പ്രശ്നങ്ങളാണ്. വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ സ്വീകരിച്ച കര്‍ശന നിലപാട് ഇടതുമുന്നണിക്ക് ഗുണകരമായി. ഇതുവഴി ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലും മുസ്ലിം സമുദായത്തിലെ നിഷ്പക്ഷ-പുരോഗമന വാദികള്‍ക്കിടയിലും ഇടതുമുന്നണിക്ക് സ്വാധീനം വര്‍ധിപ്പിക്കാനായെന്നും സംസ്ഥാന സമിതി വിലയിരുത്തി.
കോണ്‍ഗ്രസ് വലിയ രീതിയില്‍ ദുര്‍ബലമായി. യുഡിഎഫില്‍ നിന്ന് ക്രൈസ്തവ വിഭാഗം അകല്‍ച്ച കാണിച്ചു. മുസ്ലിം ലീഗ് അവരുടെ മേഖലകളില്‍ മുന്നേറ്റമുണ്ടാക്കിയത് കൊണ്ടാണ് യുഡിഎഫ് ചെറുതായെങ്കിലും പിടിച്ച് നിന്നതെന്നുമാണ് സിപിഎം വിലയിരുത്തല്‍.