എടപ്പാളില്‍ കാണാതായ യുവാവിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയെന്ന് പൊലീസ്; രണ്ട് പേര് അറസ്റ്റില്‍
മലപ്പുറം എടപ്പാളിൽ ആറുമാസം മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

മലപ്പുറം എടപ്പാളിൽ ആറുമാസം മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. എടപ്പാൾ സ്വദേശി കിഴക്കേവളപ്പിൽ ഇർഷാദിനെയാണ് സുഹൃത്തുക്കൾ കൊലപ്പെടുത്തിയത്. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.
2020 ജൂൺ മാസം പതിനൊന്നാം തീയതിയാണ്, 25 കാരനായ ഇർഷാദ് വീട്ടിൽ നിന്ന് പോയത്. പിന്നീട് തിരികെ വന്നില്ല. മൊബൈൽ ഫോൺ ഓഫായതും തിരികെ വരാത്തതും കാരണം ദുരൂഹത തോന്നിയ ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇർഷാദിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടർന്ന്, 6 മാസങ്ങൾക്ക് ഇപ്പുറമാണ് ഇർഷാദിനെ കൊലപ്പെടുത്തിയെന്ന് സുഹൃത്തുക്കൾ പൊലീസിനോട് സമ്മതിച്ചത്.
വട്ടംകുളം സ്വദേശികളായ അധികാരത്ത്പടി സുഭാഷ്, മേനോൻപറമ്പിൽ എബിൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വർണ്ണവിഗ്രഹം നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയത്, തിരിച്ചു നൽകേണ്ടി വരുമോ എന്ന ആശങ്കയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇർഷാദിന്റെ മൃതദേഹം കണ്ടെടുത്തിട്ടില്ല. സംഭവ സ്ഥലത്ത് പ്രതികളുമായി പോലീസ് ഇന്ന് തെളിവെടുപ്പു നടത്തും. തിരൂർ ഡി.വൈ.എസ്.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.