LiveTV

Live

Kerala

കര്‍ണാടകയിലും ബിഹാറിലും എസ്.ഡി.പി.ഐ വളരുന്നുവെന്ന് ലീഗ് ദേശീയ എക്സിക്യൂട്ടീവില്‍ ചര്‍ച്ച

കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പില്‍ 223 സീറ്റാണ് എസ്.ഡി.പി.ഐക്ക് ലഭിച്ചത്.

കര്‍ണാടകയിലും ബിഹാറിലും എസ്.ഡി.പി.ഐ വളരുന്നുവെന്ന് ലീഗ് ദേശീയ എക്സിക്യൂട്ടീവില്‍ ചര്‍ച്ച

സംഘപരിവാറിന്‍റെ ധ്രുവീകരണ രാഷ്ട്രീയം അവസരമാക്കി കര്‍ണാകയിലും ബിഹാറിലും എസ്.ഡി.പി.ഐ വളരുകയാണെന്ന് മുസ്‍ലിം ലീഗ് ദേശീയ എക്സിക്യൂട്ടീവില്‍ പങ്കെടുത്ത പ്രതിനിധികള്‍. കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പില്‍ 223 സീറ്റാണ് എസ്.ഡി.പി.ഐക്ക് ലഭിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് എസ്.ഡി.പി.ഐയുടെ വളര്‍ച്ച കര്‍ണാടകയില്‍ നിന്നുള്ള പ്രതിനിധി വിശദീകരിച്ചത്.

വന്‍തോതില്‍ സാമുദായിക ധ്രുവീകരണം നടന്ന കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് ശക്തമായി പ്രവ‍ര്‍ത്തിക്കേണ്ട അനിവാര്യതയും പ്രതിനിധി ചൂണ്ടിക്കാട്ടി. ബിഹാറില്‍ നിന്നുള്ള പ്രതിനിധിയും എസ്.ഡി.പി.ഐയുടെ സാന്നിധ്യവും വളര്‍ച്ചയും എടുത്തു പറ‍ഞ്ഞു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവസാന നിമിഷം ലീഗ് മത്സരത്തില്‍ നിന്നും പിന്‍മാറിയിരുന്നു. കേരള ഘടകത്തിന്‍റെ ആവശ്യം പരിഗണിച്ച് മത്സരത്തില്‍ നിന്ന് പിന്മാറിയതിലും ആര്‍.ജെ.ഡി സഖ്യത്തിന് പിന്തുണ നല്‍കേണ്ടി വന്നതിലുമുള്ള വിയോജിപ്പ് ബിഹാര്‍ പ്രതിനിധി യോഗത്തില്‍ പറഞ്ഞു. അസദുദ്ദീന്‍ ഉവൈസിയുടെ മജ്‍ലിസ് പാര്‍ട്ടിയിലേക്ക് മുസ്‍ലിംകള്‍ കളംമാറുകയാണ്. ആര്‍.ജെ.ഡി സഖ്യത്തിന്‍റെ പരാജയത്തിന് കാരണം മുസ്‍ലിം വോട്ടുകളില്‍ ഒരു വിഹിതം ഉവൈസി പിടിച്ചതു കൊണ്ടാണെന്നും ബിഹാര്‍ പ്രതിനിധി പറഞ്ഞു. കര്‍ണാടകയില്‍ നിന്നുള്ള ദസ്തഗീര്‍ ആഗാ, ബിഹാറില്‍ നിന്നുള്ള നയീം അക്തര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.