'ആ ഭൂമി നല്‍കേണ്ടത് സര്‍ക്കാര്‍, ബോബി ചെമ്മണ്ണൂരിനെ തെറ്റിദ്ധരിപ്പിച്ചതാകാം'
താന്‍ വിലയ്ക്ക് വാങ്ങിയതാണ് ഭൂമി . തന്നെ ഏതെങ്കിലും തരത്തില്‍ വസന്ത കബളിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ നിയമ നടപടിയെടുക്കുമെന്നും ബോബി ചെമ്മണ്ണൂര്‍
വില കൊടുത്ത് വാങ്ങിയ തര്‍ക്കഭൂമി വേണ്ടെന്ന് നെയ്യാറ്റിന്‍കരയില്‍ മരിച്ച ദമ്പതികളുടെ മക്കള്‍. ഈ സ്ഥലം സർക്കാരാണ് തരേണ്ടത്. പട്ടയം തരുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. നിയമപരമായി കോളനിയിലെ ഭൂമി വിൽക്കാനോ വാങ്ങാനോ സാധിക്കില്ല. അത്തരമൊരു എഗ്രിമെന്റിന് നിയമ സാധുത ഉണ്ടാകില്ല. ബോബി ചെമ്മണ്ണൂരിനെ ഭൂമി കൈവശം വെച്ചിരിക്കുന്ന വസന്ത തെറ്റിദ്ധരിപ്പിച്ചതാണ്. സഹായിക്കാന്‍ തയ്യാറായ ബോബി ചെമ്മണ്ണൂരിനോട് നന്ദിയുണ്ടെന്നും മക്കള്‍ പറഞ്ഞു.
എന്നാല്‍ താന്‍ വിലയ്ക്ക് വാങ്ങിയതാണ് ഭൂമി എന്നും തന്നെ ഏതെങ്കിലും തരത്തില്‍ വസന്ത കബളിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ നിയമ നടപടിയെടുക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി. കേസുകളെല്ലാം പിന്‍വലിക്കാമെന്ന് വസന്ത ഉറപ്പ് നല്‍കിയതാണ്. കുട്ടികള്‍ക്ക് എന്ത് സഹായവും നല്കാന് ഒപ്പമുണ്ടാകുമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
ഇന്നാണ് നെയ്യാറ്റിന്‍കരയിലെ തർക്കഭൂമിയും വീടും മരിച്ച ദമ്പതികളുടെ മക്കൾക്ക് വേണ്ടി ബോബി ചെമ്മണ്ണൂർ വിലയ്ക്ക് വാങ്ങിയത്. രാവിലെ എഗ്രിമെന്റ് എഴുതി. വൈകുന്നേരം 5.30ന് എഗ്രിമെന്റ് കൈമാറാന്‍ വന്നപ്പോഴാണ് കുട്ടികള്‍ നിലപാട് വ്യക്തമാക്കിയത്. വീട് ഉടൻ പുതുക്കിപ്പണിയുമെന്നും അതുവരെ കുട്ടികളുടെ പൂർണ സംരക്ഷണം ഏറ്റെടുക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ പറയുകയുണ്ടായി.
നെയ്യാറ്റിന്‍കരയില്‍ ലക്ഷംവീട് കോളനിയില്‍ രാജന് സ്ഥലം കയ്യേറിയെന്ന് കാണിച്ച് അയല്‍വാസിയായ വസന്ത, നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരം രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാനെത്തി. രാജന് ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ചു. പൊലീസ് ലൈറ്റര്‍ തട്ടിത്തെറുപ്പിക്കുന്നതിനിടെ ദമ്പതികള്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. ചികിത്സയിൽ കഴിയവെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ രാജനും ഭാര്യ അമ്പിളിയും മരിച്ചത്. രാജന്റെ മൃതദേഹം സംസ്കരിക്കാന്‍ ഇളയ മകന് കുഴിയെടുത്ത ദൃശ്യങ്ങള്‍ നൊമ്പരമായി മാറി. കുടിയൊഴിപ്പിക്കാന്‍ എത്തിയപ്പോഴും ദമ്പതികളുടെ മരണ ശേഷവുമുള്ള പൊലീസിന്റെ പെരുമാറ്റം ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി.