LiveTV

Live

Kerala

ഇര്‍ഷാദ് പാവമായിരുന്നു, സുഹൃത്തുക്കളെ സംശയമുണ്ടെന്ന് പൊലീസിനോട് പറഞ്ഞിട്ടും ആദ്യമൊന്നും അന്വേഷിച്ചില്ലെന്ന് ബന്ധു

കേസ് വഴിതിരിച്ച് വിടാൻ പ്രതികൾ നീക്കം നടത്തിയിരുന്നുവെന്ന് ഇർഷാദിന്‍റെ പിതൃസഹോദരൻ കെ.വി നാസർ

ഇര്‍ഷാദ് പാവമായിരുന്നു, സുഹൃത്തുക്കളെ സംശയമുണ്ടെന്ന് പൊലീസിനോട് പറഞ്ഞിട്ടും ആദ്യമൊന്നും അന്വേഷിച്ചില്ലെന്ന് ബന്ധു

എടപ്പാളിലെ ഇർഷാദിനെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്തുക്കളെ നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നതായി ഇർഷാദിന്‍റെ ബന്ധുക്കൾ. ഇർഷാദിനെ കാണാതായതിന് ശേഷം സുഭാഷ്, എബിന്‍ എന്നിവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നുവെന്നും കേസ് വഴിതിരിച്ച് വിടാൻ പ്രതികൾ നീക്കം നടത്തിയിരുന്നുവെന്നും ഇർഷാദിന്‍റെ പിതൃസഹോദരൻ കെ.വി നാസർ മീഡിയവണിനോട് പറഞ്ഞു.

"ആര് എന്തുപറഞ്ഞാലും വിശ്വസിക്കുന്ന പാവമായിരുന്നു ഇര്‍ഷാദ്. ഒരു ക്രിമിനല്‍ സ്വഭാവവും ഇല്ല. ഇപ്പോള്‍ പിടിയിലായ സുഹൃത്തുക്കള്‍ വീട്ടിലൊക്കെ വരാറുണ്ടായിരുന്നു. ഇര്‍ഷാദിനെ കാണാതായ ശേഷം അവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നു. ഇക്കാര്യം പൊലീസ് സ്റ്റേഷനിലൊക്കെ പോയി പലതവണ പറഞ്ഞു. പൊലീസ് ഇതൊന്നും കണക്കിലെടുത്തില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും കലക്ടര്‍ക്കും ഉള്‍പ്പെടെ പരാതി നല്‍കിയത്. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമായി. സാമ്പത്തിക ഇടപാടിന് പിന്നാലെ ഇര്‍ഷാദ് മുങ്ങിയതാണെന്നാണ് പ്രതികള്‍ എല്ലാവരെയും വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്"- നാസര്‍ പറയുന്നു.

എടപ്പാളില്‍ കാണാതായ യുവാവിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയെന്ന് പൊലീസ്; രണ്ട് പേര്‍ അറസ്റ്റില്‍
Also Read

എടപ്പാളില്‍ കാണാതായ യുവാവിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയെന്ന് പൊലീസ്; രണ്ട് പേര്‍ അറസ്റ്റില്‍

2020 ജൂണ്‍ 11നാണ് ഇര്‍ഷാദിനെ കാണാതായത്. അതിനുശേഷം ഇര്‍ഷാദിനെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. ആറ് മാസത്തിന് ശേഷമാണ് സംഭവം കൊലപാതകമെന്ന് വ്യക്തമാകുന്നത്. കിണറില്‍ ചാക്കില്‍ പൊതിഞ്ഞ് മൃതദേഹം ഉപേക്ഷിച്ചുവെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. പഞ്ചലോഹ വിഗ്രഹം നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ കൈക്കലാക്കിയ ശേഷമാണ് പ്രതികൾ ഇർഷാദിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.