LiveTV

Live

Kerala

കിണറ്റില്‍ വീണ കാട്ടാനക്ക് പുതുജീവന്‍.. ആ സാഹസിക ഓപ്പറേഷന്‍ ഇങ്ങനെ

കിണറ്റിൽ വീണ ആനയെ പുറത്തെത്തിച്ചത് സാഹസികമായി- ഓപ്പറേഷൻ റിപ്പോർട്ട് ചെയ്ത അനുഭവം പങ്കുവെച്ച് മീഡിയവണ്‍ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്‍റ് മുഹമ്മദ് അസ്‍ലം

കിണറ്റില്‍ വീണ കാട്ടാനക്ക് പുതുജീവന്‍.. ആ സാഹസിക ഓപ്പറേഷന്‍ ഇങ്ങനെ

രാവിലെ 9 മണിയോടെയാണ് താമരശ്ശേരി മുത്തപ്പൻപുഴക്ക് സമീപം തേൻപാറ 90ൽ കിണറ്റില്‍ ആന വീണ വിവരം ലഭിക്കുന്നത്. മുത്തപ്പൻ പുഴയിലെത്താൻ തന്നെ ഒരു മണിക്കൂർ സമയമെടുക്കും. അവിടെ നിന്ന് കാട്ടിനുള്ളിലേക്ക് കുറച്ചു നടക്കാനുണ്ടാകുമെന്ന് പ്രാദേശിക ലേഖകൻ സൂചനയും നൽകിയിരുന്നു. ക്യാമറാ പേഴ്സൺ ബിബിൻ ജെയിംസുമായി വൈകാതെ ഇറങ്ങി. മുത്തപ്പൻപുഴ കഴിഞ്ഞപ്പോൾ തന്നെ ഫോറസ്റ്റ് സംഘത്തിന്‍റെ വാഹനം കണ്ടു. പിന്നെ അവരെ പിന്തുടർന്നായി യാത്ര. ഇടക്ക് അവർക്കും വഴിതെറ്റിയെങ്കിലും വൈകാതെ തേൻപാറ 90 എന്ന സ്ഥലത്തെത്തി.

നിരത്തിൽ നിന്ന് രണ്ടര കിലോമീറ്ററോളം കുത്തനെയുള്ള കയറ്റം ഉണ്ടെന്ന് തുടക്കത്തിൽ തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. മുകളിലെത്തി ആനയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ ലൈവ് നൽകാമെന്ന ആവേശത്താൽ വേഗത്തിൽ കയറ്റം കയറി തുടങ്ങി. സ്വകാര്യ വ്യക്തിയുടെ  സ്ഥലമാണെങ്കിലും കാടിനോട് ചേർന്ന പ്രദേശമാണ്. വന്യമൃഗങ്ങളുടെ ആക്രമണം ശക്തമായതിനാൽ കൃഷി ഉപേക്ഷിച്ചതിനാൽ കാടിന് സമാനമായിരുന്നു വഴി. ക്യാമറയും ട്രൈപോഡുമായി ബിബിനും ബാക്പാകും (ലൈവ് സംവിധാനം) മൈക്കുമായി ഞാനും കയറ്റം കയറി.  കിതപ്പ് അധികരിക്കുമ്പോൾ ഇടക്ക് വിശ്രമിക്കും. പിന്നെയും നടക്കും. വെള്ളവും ഭക്ഷണവും കരുതണമെന്ന നാട്ടുകാരുടെ മുന്നറിയിപ്പിനെ അവഗണിച്ചതിന്‍റെ ഫലം പൂർണമായി അനുഭവിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കായി കൊണ്ടുവന്ന വെള്ളമാണ് അവസാനം രക്ഷക്കെത്തിയത്. ഇടക്ക് തിരിച്ചിറങ്ങുന്ന പലരെയും കണ്ടെങ്കിലും ഇനിയും ഏറെയുണ്ട് നടക്കാനുണ്ടെന്നാ പറഞ്ഞത്. മുകളിലെത്താൻ കഴിയുമോ എന്ന് സംശയിച്ച നിമിഷങ്ങൾ. ഒടുവിൽ ജെസിബി പ്രവർത്തിക്കുന്ന ശബ്ദം കേട്ടതോടെ ആശ്വാസമായി. അടുത്താണെങ്കിലും കുത്തനെയുള്ള അവസാന കയറ്റം കയറാൻ ഏറെ ബുദ്ധിമുട്ടി.

കിണറ്റില്‍ വീണ കാട്ടാനക്ക് പുതുജീവന്‍.. ആ സാഹസിക ഓപ്പറേഷന്‍ ഇങ്ങനെ

മുകളിലെത്തിയപ്പോൾ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. 4 മണിക്കൂറെടുത്ത് മുകളിലെത്തിച്ച ജെസിബിയായിരുന്നു പ്രധാന ഉപകരണം. 12 മീറ്റർ ആഴമുള്ള കൂറ്റൻ കിണറും അതിലകപ്പെട്ട ആനയെയും കണ്ടു. സമാന്തരമായി കിടങ്ങുണ്ടാക്കി കിണറുമായി ബന്ധിപ്പിച്ച് ആനക്ക് പുറത്തെത്താൻ വഴിയൊരുക്കുക എന്നതായിരുന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പ്ലാൻ. എത്രയും വേഗം ലൈവ് നൽകാനായി ശ്രമം. ബാക്പാകിന് റെയ്ഞ്ചില്ല. നോക്കിയപ്പോൾ ഫോണിനും അതേ അവസ്ഥ. ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമം മുന്നിൽ അത് തൽസമയം ടിവി ഫ്രെയിമിലെത്തിക്കാൻ കഴിയാത്ത അവസ്ഥ. മറ്റു മാധ്യമ പ്രവർത്തകരുടെ അവസ്ഥയും ഭിന്നമായിരുന്നില്ല. രക്ഷാപ്രവർത്തനത്തെ കുറിച്ച് സമഗ്രമായ ഒരു റിപ്പോർട് ഷൂട്ട് ചെയ്ത് ക്യാമറാമാനെ താഴേക്കു വിട്ടു. കയറിയ ദൂരം മുഴുവൻ താഴെയിറങ്ങിയ ബിബിൻ ഒരു മണി ബുള്ളറ്റിനിലേക്ക് വാർത്ത കയറ്റി. ആവശ്യകതയാണല്ലോ കണ്ടുപിടുത്തത്തിന്‍റെ മാതാവ്. കാട് കറങ്ങി ഫോൺ റെയ്ഞ്ച് കിട്ടുന്ന സ്ഥലം കണ്ടെത്തി. പിന്നെ മൊബൈലിൽ ഡെഫും ദൃശ്യങ്ങളും എടുത്ത് അയക്കലായി പിന്നെ. മുക്കത്തെ പ്രാദേശിക ലേഖകൻ ആസാദാണ് സഹായിച്ചത്. 

കിണറ്റില്‍ വീണ കാട്ടാനക്ക് പുതുജീവന്‍.. ആ സാഹസിക ഓപ്പറേഷന്‍ ഇങ്ങനെ

വാർത്ത പോയി തുടങ്ങിയതോടെ ആശ്വാസമായി. പിന്നെയാണ് ഭക്ഷണ പ്രശ്നം ഉയർന്നു വന്നത്. രക്ഷാദൗത്യം രാത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. ഫോറസ്റ്റ് ജീവനക്കാരും ഭക്ഷണ ഇടവേളയിലേക്ക് നീങ്ങി. റിപ്പോർട്ടർമാർ താഴെ പോയി ഭക്ഷണം വാങ്ങി വരാമെന്ന് ഏഷ്യാനെറ്റിലെ ഫൈസൽ നിർദേശം വെച്ചു. ആന പുറത്തു വന്നാലും ദൃശ്യം പകർത്താൻ ക്യാമറക്കാരുണ്ടാകുമല്ലോ. ഒരിക്കൽ കൂടി ഒരു മണിക്കൂർ കാടു കയറുന്ന കാര്യമോർത്തപ്പോൾ ആ നിർദ്ദേശം തള്ളിപ്പോയി.

നമ്മുടെ അവസ്ഥ കണ്ട ഫോറസ്റ്റ് ഉദ്യോഗസ്ഥർ അവർക്കായെത്തിച്ച ഭക്ഷണം ഞങ്ങൾക്കും പങ്കുവെച്ചു. കുറച്ചു ചോറും നീട്ടിയ ചിക്കൻ കറിയും പുതുവർഷത്തിൽ ഏറ്റവും സ്വാദിഷ്ഠമായ ഭക്ഷണമായി. വൈകിട്ടോടെ സമീപത്തുള്ള മാർട്ടിൻ പോൾ എന്നയാൾ മാധ്യമ പ്രവർത്തകർക്കായി ബ്രഡും പഴവും എത്തിച്ചു. വെള്ളരിമല, ഒലിച്ചു ചാട്ടം എന്നിവ ഉൾപ്പെടെ തേൻ പാറയിൽ നിന്നുള്ള കാഴ്ച്ച ദൃശ്യ മനോഹരമായിരുന്നു. വീഡിയോ എടുത്തും സെൽഫിയെടുത്തും ഇടവേള ആനന്ദകരമാക്കി.

കിണറ്റില്‍ വീണ കാട്ടാനക്ക് പുതുജീവന്‍.. ആ സാഹസിക ഓപ്പറേഷന്‍ ഇങ്ങനെ

ജെസിബി വിശ്രമമില്ലാതെ പ്രവർത്തിച്ചു. സമാന്തരമായി കുഴിച്ച കിടങ്ങിൽ നിന്ന്  കിണറിലേക്ക് വഴി വെട്ടി തുടങ്ങി. കിണറിന്‍റെ മുകളിലുള്ള കല്ലുകൾ പുറത്തു വീണതോടെ ആന ബഹളമുണ്ടാക്കാൻ തുടങ്ങി. പിന്നെ വീഴാൻ സാധ്യതയുള്ള കല്ലുകളെ, വളരെ ശ്രദ്ധയോടെ നീക്കം ചെയ്തു. കിടങ്ങ് 10 മീറ്റർ ആയതോടെ കിണറിലേക്ക് മണ്ണിട്ടു തുടങ്ങി. ആന മണ്ണിൽ ചവിട്ടി പൊങ്ങി വന്നു.  തുമ്പികൈ പുറത്തിട്ടതോടെ തന്നെ എല്ലാവർക്കും ആവേശമായി. പിന്നെയും സമയമെടുത്തു ആനക്ക് നടന്നു വരാനുള്ള വഴിയാകാൻ. നേരം ഇരുട്ടിയതോടെ ഹൈമാക്സ് ലൈറ്റും എത്തി.

7.45ഓടെ ആനക്ക് കിണറിൽ നിന്ന് പുറത്തേക്ക് വരാവുന്ന അവസ്ഥയായി. എന്നാൽ ആന കയറുന്നില്ല. പടക്കം പൊട്ടിക്കണമെന്ന നിർദേശമുയർന്നു. ആന വിരണ്ടാൽ ഉണ്ടാകുന്ന അപകടം മനസിലാക്കിയവർ ആ നിർദേശം തള്ളി. മണ്ണും ചെറിയ കല്ലുകളും ആനയുടെ പുറത്തെറിയാനായി പിന്നെ നീക്കം. തലയിൽ വീഴാതെ ശ്രദ്ധിച്ച് മണ്ണെറിഞ്ഞതോടെ ആന കിണറിൽ നിന്ന് കയറി. കിണറിൽ നിന്ന് കയറി കിടങ്ങിലൂടെ നടന്ന ദൃശ്യങ്ങൾ ക്യാമറക്കാരും ഫോറസ്റ്റ്  ഉദ്യോഗസ്ഥരും നാട്ടുകാരും ആവേശത്തോടെ പകർത്തി.

കിണറ്റില്‍ വീണ കാട്ടാനക്ക് പുതുജീവന്‍.. ആ സാഹസിക ഓപ്പറേഷന്‍ ഇങ്ങനെ

പുറത്തു വന്ന ആന കണ്ടത് ഒരു ഭാഗത്ത് ജെസിബി. മറുഭാഗത്ത് കൂറ്റൻ ലൈറ്റ്. കാക്കി കുപ്പായക്കാരും നാട്ടുകാരും ക്യാമറയും ബഹളം. എവിടേക്ക് കയറണമെന്നായി ആന. തിരികെ കിണറിലേക്ക് നടന്നതോടെ ഫോറസ്റ്റുകാർ പടക്കെമെറിഞ്ഞു. വിരണ്ട ആനം ചിന്നം വിളിച്ചു പാഞ്ഞു. പ്രതീക്ഷയിൽ നിന്ന് വ്യത്യസ്തമായി ലൈറ്റ് ഇരുന്ന ഭാഗത്തേക്കാണ് ആന വന്നത്. മാധ്യമ പ്രവർത്തകരും ഫോറസ്റ്റ് ജീവനക്കാരും മറു വശത്തേക്ക് മാറി. പരിഭ്രാന്തനായ ആന ലൈറ്റ് മറിച്ചിടാൻ നോക്കി. ബഹളം വെച്ച് ആനയുടെ ശ്രദ്ധ മാറ്റി. ആന വീണ്ടും ആളുകൾ നിന്ന സ്ഥലത്തേക്ക്.

തുടർച്ചയായി പടക്കമെറിഞ്ഞ് ആനയെ കാട്ടിലേക്ക് തിരിച്ചുവിടാന്‍ ശ്രമിച്ചു. ആന തിരിഞ്ഞു പോകാന്‍ വൈകിയതോടെ ആളെ  ഒഴിപ്പിക്കാനായി ശ്രമം. മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരോട് താഴോട്ട് പോകാന്‍ നിര്‍ദേശിച്ചു. ആളുകള്‍ ഓടിത്തുടങ്ങി. എന്നാല്‍ എല്ലാവര്‍ക്കും ആശ്വാസമേകി ആന കാട്ടിലേക്ക് തന്നെ തിരികെപോയി. ഇതിനിടെ നമ്മുടെ ക്യാമറയുടെ ട്രൈപോഡും മൈക്കും കേബിളും ആന ഓടിയ വഴിയിലായിരുന്നു. അത് തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല. ആന പോയതിന് പിന്നാലെ ഫോസ്റ്റ് ഉദ്യോസ്ഥര്‍ എല്ലാമെടുത്ത് തിരികെയേല്‍പ്പിച്ചു. 

കിണറ്റില്‍ വീണ കാട്ടാനക്ക് പുതുജീവന്‍.. ആ സാഹസിക ഓപ്പറേഷന്‍ ഇങ്ങനെ

രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കോഴിക്കോട് ഡിഎഫ്ഒ രാജീവന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണവും ആ സ്ഥലത്ത് നിന്നും രാത്രി വാര്‍ത്തക്ക് നല്‍കാനായി റിപ്പോര്‍ട്ടും ഷൂട്ട് ചെയ്താണ് മടങ്ങിയത്. താമരശ്ശേരി പെരുവണ്ണാമൂഴി കുറ്റ്യാടി ഫോറസ്റ്റ് ഡിവിഷനിലെ ഫോസ്റ്റ് ഉദ്യോഗസ്ഥര്‍ ആനയെ രക്ഷപ്പെടുത്തി പരിചയമുള്ള വയനാട്ടില്‍ നിന്നുള്ള ഫോസ്റ്റ്  റെസ്ക്യു വിഭാഗം ഫ്ലൈയിങ് സ്ക്വഡ് എന്നിവരുടെ ഏകോപിച്ചുള്ള പരിശ്രമമാണ് ആനയെ സുരക്ഷിതമായി പുറത്തെത്തിച്ചത്.