LiveTV

Live

Kerala

നെയ്യാറ്റിന്‍കരയില്‍ ആത്മാഹുതി ചെയ്ത ദമ്പതികളുടെ മക്കള്‍ക്കായി തര്‍ക്കഭൂമി വിലയ്ക്ക് വാങ്ങി ബോബി ചെമ്മണ്ണൂര്‍

വീട് ഉടൻ പുതുക്കിപ്പണിയും. അതുവരെ കുട്ടികളുടെ പൂർണ സംരക്ഷണവും ഏറ്റെടുക്കുമെന്നും ബോബി ചെമ്മണ്ണൂര്‍

നെയ്യാറ്റിന്‍കരയില്‍ ആത്മാഹുതി ചെയ്ത ദമ്പതികളുടെ മക്കള്‍ക്കായി തര്‍ക്കഭൂമി വിലയ്ക്ക് വാങ്ങി ബോബി ചെമ്മണ്ണൂര്‍

നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കിടെ ദമ്പതികൾ തീ കൊളുത്തി മരിച്ചതുമായി ബന്ധപ്പെട്ട തർക്കഭൂമിയും വീടും മരിച്ച ദമ്പതികളുടെ മക്കൾക്ക് വേണ്ടി ബോബി ചെമ്മണ്ണൂർ വിലയ്ക്ക് വാങ്ങി. രാവിലെ എഗ്രിമെന്‍റ് എഴുതിക്കഴിഞ്ഞു. ഇന്ന് വൈകുന്നേരം 5.30ന് രാജന്‍റെ വീട്ടിൽ വച്ച് ബോബി ചെമ്മണ്ണൂർ എഗ്രിമെന്‍റ് മക്കൾക്ക് കൈമാറും. വീട് ഉടൻ പുതുക്കിപ്പണിയും. അതുവരെ കുട്ടികളുടെ പൂർണ സംരക്ഷണം ഏറ്റെടുക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.

നെയ്യാറ്റിന്‍കരയില്‍ ലക്ഷംവീട് കോളനിയില്‍ രാജന്‍ സ്ഥലം കയ്യേറിയെന്ന് കാണിച്ച് അയല്‍വാസിയായ വസന്ത, നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരം രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാനെത്തി. രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ചു. പൊലീസ് ലൈറ്റര്‍ തട്ടിത്തെറുപ്പിക്കുന്നതിനിടെ ദമ്പതികള്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. ചികിത്സയിൽ കഴിയവെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ രാജനും ഭാര്യ അമ്പിളിയും മരിച്ചത്. രാജന്‍റെ മൃതദേഹം സംസ്കരിക്കാന്‍ ഇളയ മകന്‍ കുഴിയെടുത്ത ദൃശ്യങ്ങള്‍ നൊമ്പരമായി മാറി. കുടിയൊഴിപ്പിക്കാന്‍ എത്തിയപ്പോഴും ദമ്പതികളുടെ മരണ ശേഷവുമുള്ള പൊലീസിന്‍റെ പെരുമാറ്റം ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി.