LiveTV

Live

Kerala

റാന്നിയിലെ ബി.ജെ.പി പിന്തുണ; ഇനിയും നടപടികളെടുക്കാതെ പാര്‍ട്ടികള്‍

മുന്നണിയില്‍ നിന്ന് പുറത്താക്കിയ ശോഭയുമായി തുടർന്ന് സഹകരിക്കാനാവില്ലെന്നാണ് സി.പി.എം നിലപാട്

റാന്നിയിലെ ബി.ജെ.പി പിന്തുണ; ഇനിയും നടപടികളെടുക്കാതെ പാര്‍ട്ടികള്‍

പത്തനംതിട്ട റാന്നി പഞ്ചായത്തില്‍ മുന്നണി തീരുമാനം മറികടന്ന് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ശോഭ ചാൾസിനെതിരെ കേരള കോണ്‍ഗ്രസ് നടപടി വൈകുന്നു. അവിശ്വാസ പ്രമേയത്തിലൂടെ ശോഭയെ പുറത്താക്കാനുള്ള ഭൂരിപക്ഷമില്ലാത്തതും യു.ഡി.എഫിന് ഭരണ സാധ്യത നിലനില്‍ക്കുന്നതുമാണ് നടപടി വൈകാൻ കാരണം. അതേസമയം മുന്നണിയില്‍ നിന്ന് പുറത്താക്കിയ ശോഭയുമായി തുടർന്ന് സഹകരിക്കാനാവില്ലെന്നാണ് സി.പി.എം നിലപാട്.

സി.പി.എം ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായതിന് പിന്നാലെ കേരള കോണ്‍ഗ്രസ് മെമ്പര്‍ ശോഭ ചാര്‍ളിയെ പുറത്താക്കാനായെങ്കിലും മറ്റ് നടപടികളുമായി മുന്നോട്ട് പോകാനാവാതെ പ്രതിസന്ധിയിലാണ് എല്‍.ഡി.എഫ്. അവിശ്വാസത്തിലൂടെ ശോഭയെ പുറത്താക്കാനുള്ള ഭൂരിപക്ഷം റാന്നിയില്‍ ഇല്ലാത്തതും അവര്‍ രാജിവെച്ചാല്‍ യു.ഡി.എഫ് ഭരണത്തിന് സാധ്യത നിലനില്‍ക്കുന്നതുമാണ് മുന്നണിയെ കുഴക്കുന്ന പ്രശ്നം.

എന്നാല്‍ പാര്‍ട്ടിയും മുന്നണിയും ഒരു പോലെ രാജി ആവശ്യപ്പെട്ടിട്ടും അതിനോട് പ്രതികരിക്കാന്‍ ശോഭ ചാര്‍ളി ഇതുവരെ തയ്യാറായിട്ടില്ല. വിഷയത്തില്‍ എല്‍.ഡി.എഫ് അടിയന്തരമായി നടപടി സ്വീകരിച്ചെന്നും തുടര്‍ന്നുള്ള കാര്യങ്ങള്‍ സംസ്ഥാന കമ്മറ്റിയുമായി ആലോചിച്ച് നടപ്പാക്കുമെന്നുമാണ് സി.പി.എം നേതാക്കള്‍ നല്‍കുന്ന വിശദീകരണം.

മുന്നണി നിലപാടുകള്‍ക്ക് വിരുദ്ധമായ റാന്നിയിലെ സംഭവം അംഗീകരിക്കാനാവില്ലെന്നും എല്‍.ഡി.എഫ് നിന്നു പുറത്താക്കിയ ശോഭയെ പ്രത്യേകിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ട കാര്യമില്ലെന്നുമാണ് കേരള കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം.

മുന്നണി തീരുമാനത്തിനൊപ്പമാണെന്ന് പറയുമ്പോഴും കേരള കോണ്‍ഗ്രസ് വിഷയത്തില്‍ സ്വീകരിക്കുന്ന മെല്ലപ്പോക്ക് സമീപനം രഹസ്യ അജണ്ടകളുടെ ഭാഗമായാണെന്നാണ് ഒരു വിഭാഗം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. അതേസമയം പാർട്ടിയുമായി ആലോചിക്കാതെ സ്വന്തം നിലയില്‍ വോട്ട് ചെയ്ത മെമ്പര്‍മാര്‍ക്കെ നടപടി എടുക്കുമെന്ന് പറഞ്ഞെങ്കിലും വിഷയത്തില്‍ ബി.ജെ.പിയും ഇതുവരെ തുടര്‍നടപടികള്‍ കൈക്കൊണ്ടിട്ടില്ല.