മഅ്ദനിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി; നിരീക്ഷണത്തില്‍
രക്തസമ്മര്‍ദത്തിലെ ഏറ്റക്കുറച്ചിലും മറ്റ് ശാരീരിക അസ്വസ്ഥതകളും തുടരുന്നതിനാല്‍ മഅ്ദനി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തന്നെ തുടരും.

പിഡിപി നേതാവ് അബ്ദുന്നാസർ മഅ്ദനിയുടെ ശസ്ത്രക്രിയ പൂർത്തിയായി. വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു ശസ്ത്രക്രിയ. രക്തസമ്മര്‍ദത്തിലെ ഏറ്റക്കുറച്ചിലും മറ്റ് ശാരീരിക അസ്വസ്ഥതകളും തുടരുന്നതിനാല്‍ മഅ്ദനി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തന്നെ തുടരും.
ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ മൂത്രാശയവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയാണ് നടത്തിയത്. കോവിഡ് സാഹചര്യത്തില്‍ ആശുപത്രിയില്‍ കടുത്ത നിയന്ത്രണമുണ്ട്. ഭാര്യ സൂഫിയ മഅ്ദനി, മകന് സലാഹുദ്ദീന് അയ്യൂബി തുടങ്ങിയവര്‍ ആശുപത്രിയില്‍ ഒപ്പമുണ്ട്.
കോവിഡ് പ്രത്യേക സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഇതുവരെ ആശുപത്രിവാസം നീട്ടിവെക്കുകയും വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം താമസസ്ഥത്ത് തന്നെ ചികിത്സ തുടരുകയുമായിരുന്നു. രക്തസമ്മര്‍ദവും കിഡ്നിയുടെ പ്രവത്തനക്ഷമത നിര്‍ണയിക്കുന്ന ക്രിയാറ്റിന്റെ അളവും വലിയ തോതില്‍ വര്‍ദ്ധിക്കുകയും നിയന്ത്രണവിധേയമല്ലാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് അടിയന്തര ശസ്ത്രക്രിയ നടത്തിയത്.