LiveTV

Live

Kerala

കോവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് പുതുവൽസര ആഘോഷം; പത്ത് മണിയോടെ എല്ലാം ശാന്തമായി

ഇനി ഇങ്ങനെയൊരു മഹാമാരിയില്ലാത്ത, ആഘോഷങ്ങളെ ആവോളം ഏറ്റെടുക്കാനാവുന്ന ഒരു പുതു പുലരി പ്രതീക്ഷിച്ചാണ് ജനം വീടണഞ്ഞത്.

കോവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് പുതുവൽസര ആഘോഷം; പത്ത് മണിയോടെ എല്ലാം ശാന്തമായി

കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയായിരുന്നു സംസ്ഥാനത്തെ പുതുവൽസര ആഘോഷം. രാത്രി പത്ത് മണിയോടെ നഗരങ്ങളെല്ലാം ഏതാണ്ട് വിജനമായി. എങ്ങും സമാധാനപരമായ ആഘോഷമായിരുന്നു.

തിരുവനന്തപുരത്ത് പുതുവർഷ ആഘോഷത്തിന്റെ തീവ്രത മുന്നിൽ കണ്ട് നാടെങ്ങും പോലീസ് തയ്യാറായിറങ്ങി. നാടും നഗരവും കടലോരങ്ങളും കരുതലിന്റെ കേന്ദ്രങ്ങളായി. നിയന്ത്രണങ്ങളിൽ സഹകരിച്ച് നാട്ടുകാർ ശാന്തമായി ആഘോഷങ്ങളിൽ പങ്കാളികളായി. നഗരത്തിലെ ഓരോ പ്രദേശവും സമാധനപരമായ ആഘോഷത്തിനായി ജനം സഹകരിച്ചു നിന്നു.

കൊച്ചിക്കാരുടെ പുതുവർഷാഘോഷത്തിന്റെ കാതലായ പപ്പാഞ്ഞി കത്തിക്കലുൾപ്പെടെയുള്ള പ്രധാന ആഘോഷങ്ങളെല്ലാം ഒഴിവാക്കി. ആഘോഷ രാത്രിയിൽ ഫോർട്ട്‌ കൊച്ചി, ചെറായി ബീച്ചുകളിൽ തഹസിൽദാർമാരുടെ നേതൃത്വത്തിൽ പ്രത്യേക മൊബൈൽ സ്‌ക്വാഡുകളുകൾ കർശന നിയന്ത്രണങ്ങൾ ഉറപ്പുവരുത്തി.

സന്ധ്യക്ക് ആറു മണി വരെ ആയിരുന്നു കോഴിക്കോട് ബീച്ചിലേക്കുള്ള പ്രവേശനം. മാനാഞ്ചിറയടക്കം എല്ലാ സ്ഥലങ്ങളും ആറ് മണിക്കുതന്നെ വിജനമായി. എല്ലായിടത്തും പോലീസ് നിരീക്ഷണം കർശനമാക്കിയിരുന്നു.

ഇനി ഇങ്ങനെയോരു മഹാമാരിയില്ലാത്ത, ആഘോഷങ്ങളെ ആവോളം ഏറ്റെടുക്കാനാവുന്ന ഒരു പുതു പുലരി പ്രതീക്ഷിച്ചാണ് ജനം വീടണഞ്ഞത്.