LiveTV

Live

Kerala

വാഗമണ്‍ ലഹരി പാര്‍ട്ടി കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

വാഗമണ്‍ ലഹരി പാര്‍ട്ടി കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

വാഗമണ്‍ ലഹരി പാര്‍ട്ടി കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംസ്ഥാന വ്യാപകമായി അന്വേഷണം വേണ്ട സാഹചര്യത്തിലാണ് നടപടി. പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ 9 പേരാണ് അറസ്റ്റിലായത്. ഇവർക്ക് സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ലഹരിമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ അന്വേഷണം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപകമാക്കുന്നതിന് വേണ്ടിയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും ഡി.ജി.പി അനുമതി നൽകിയിട്ടുണ്ട്. ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി പി.കെ മധുവിനാണ് അന്വേഷണ ചുമതല.

ഡിസംബർ 20നാണ് വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിൽ ലഹരി മരുന്ന് പാർട്ടിക്ക് എത്തിയ 58 പേരടങ്ങുന്ന സംഘത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇടുക്കി എ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും എൽഎസ്ഡി സ്റ്റാമ്പ്, ഹാഷിഷ്, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളാണ് പിടികൂടിയത്. എന്നാൽ ലഹരി പാർട്ടിയിൽ പങ്കെടുത്ത 49 പേരെ പോലീസ് വിട്ടയച്ചിരുന്നു. ഒപ്പം റിസോർട്ട് ഉടമയായ സി.പി.ഐ പ്രാദേശിക നേതാവിനെ കേസിൽ പ്രതി ചേർക്കാനും അന്വേഷണ സംഘം തയ്യാറായില്ല. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്ന് വിമർശനം ഉയർന്നിരുന്നു.