LiveTV

Live

Kerala

തോട്ടപ്പുഴശേരിയിൽ ബിജെപി - കോൺഗ്രസ് പിന്തുണയോടെ ഇടത് വിമതൻ പ്രസിഡന്റ്; അവിശുദ്ധ കൂട്ടുകെട്ട് പുറത്ത് വന്നതായി സി.പി.എം

സി.പി.എമ്മിനാണ് പഞ്ചായത്തിലെ മേധാവിത്വമെങ്കിലും ബി.ജെ.പി- കോൺഗ്രസ് അംഗങ്ങൾ ബിനോയിക്കൊപ്പം നിന്നതാണ് എൽ.ഡി.എഫിന് തിരിച്ചടിയായത്.

തോട്ടപ്പുഴശേരിയിൽ ബിജെപി - കോൺഗ്രസ് പിന്തുണയോടെ ഇടത് വിമതൻ പ്രസിഡന്റ്; അവിശുദ്ധ കൂട്ടുകെട്ട് പുറത്ത് വന്നതായി സി.പി.എം

അനിശ്ചിതത്വങ്ങൾക്കൊടുവിൽ പത്തനംതിട്ട തൊട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ ഇടതു വിമതൻ സി.എസ് ബിനോയിയെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. സി.പി.എമ്മിനാണ് പഞ്ചായത്തിലെ മേധാവിത്വമെങ്കിലും ബി.ജെ.പി- കോൺഗ്രസ് അംഗങ്ങൾ ബിനോയിക്കൊപ്പം നിന്നതാണ് എൽ.ഡി.എഫിന് തിരിച്ചടിയായത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ആദ്യ ദിവസം സ്വതന്ത്ര സ്ഥാനാർത്ഥിയും ബി.ജെ.പി- കോൺഗ്രസ് അംഗങ്ങളും വിട്ടു നിന്നതാണ് തോട്ടപ്പുഴ പഞ്ചായത്തിൽ മേധാവിത്വമുള്ള സി.പി.എമ്മിന് തിരച്ചടിയായത്. ക്വാറം തികയാതെ വോട്ടെടുപ്പ് ഉപേക്ഷിച്ചതിനാൽ ഇന്നലെ വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം പഞ്ചായത്ത് ഭരണം പിടിക്കാമെന്ന എൽ.ഡി.എഫ് പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചാണ് സി.പി.എം മുൻ ലോക്കൽ കമ്മറ്റി അംഗം സി.എസ് ബിനോയിക്ക് കോൺഗ്രസ്- ബി.ജെ.പി അംഗങ്ങൾ പിന്തുണ പ്രഖ്യാപിച്ചത്. കോൺഗ്രസിന്റെ മൂന്ന് അംഗങ്ങളും മൂന്ന് ബി.ജെ.പി അംഗങ്ങളും ബിനോയിക്ക് വോട്ടു ചെയ്തു. 5 സി.പി.എം അംഗങ്ങളും ഒരു യു.ഡി.എഫ് വിമതനുമാണ് മറുപക്ഷത്ത് ഉണ്ടായിരുന്നത്.

സി.പി.എം പ്രാദേശിക നേതാക്കളുടെ അവഗണനയും പരിഹാസവുമാണ് തന്നെ വിമത സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് പറഞ്ഞ ബിനോയി, ഒരു ദിവസമാണങ്കിലും പ്രസിഡന്റ് കസേരയിൽ ഇരിക്കാനാവുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും വ്യക്തമാക്കി. അതേസമയം ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് പുറത്ത് വരുന്നതെന്നും പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജനവിധിക്ക് എതിരാണന്നും സി.പി.എം പ്രാദേശിക നേതൃത്വം ആരോപിച്ചു.