ആലപ്പുഴയില്‍ തകര്‍ന്നടിഞ്ഞ് യു.ഡി.എഫ്; 72 പഞ്ചായത്തില്‍ ഭരണം കിട്ടിയത് 12 ഇടത്ത്
കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചയാളും പി.ജെ ജോസഫ് വിഭാഗവും കാലുവാരിയതോടെ ഭരണമുറപ്പിച്ച രണ്ട് പഞ്ചായത്തുകള്‍ യുഡിഎഫിന് നഷ്ടമായി

തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ തെരഞ്ഞെടുപ്പിലും ആലപ്പുഴയില്‍ തകര്‍ന്നടിഞ്ഞ് യുഡിഎഫ്. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചയാളും പി.ജെ ജോസഫ് വിഭാഗവും കാലുവാരിയതോടെ ഭരണമുറപ്പിച്ച രണ്ട് പഞ്ചായത്തുകള്‍ യുഡിഎഫിന് നഷ്ടമായി. നറുക്കിട്ട മൂന്നുപഞ്ചായത്തുകളില്‍ ജയിക്കാനായത് മാത്രമാണ് ഏക ആശ്വാസം.
2015ല്‍ 72ലെ ഇരുപത്തിമൂന്ന് പഞ്ചായത്തുകള്‍ യുഡിഎഫിനൊപ്പമായിരുന്നു. എന്നാലിത്തവണ ഐക്യജനാധിപത്യമുന്നണി ഒതുങ്ങിപ്പോയത് കേവലം 12 പഞ്ചായത്തുകളിലേക്ക്. ഭരണമുറപ്പിച്ച മുട്ടാറും, മാന്നാറും കൈവിട്ടുപോകുമെന്ന് യുഡിഎഫ് ഒരിക്കലും കരുതിയിരുന്നില്ല. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച കോണ്‍ഗ്രസ് അംഗം സുനില്‍ ശ്രദ്ധേയമാണ് മാന്നാറില്‍ എല്‍ഡിഎഫിനൊപ്പം പോയത്.
മുട്ടാര്‍ പഞ്ചായത്തില്‍ കാലുവാരിയതാകട്ടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ രണ്ടംഗങ്ങള്‍. ഭൂരിപക്ഷമുള്ള ചിങ്ങോലി പഞ്ചായത്തില്‍ ഗ്രൂപ്പ് പോര് മൂലം കോണ്‍ഗ്രസ് അംഗങ്ങള്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് പോലും നടന്നില്ല. നറുക്കെടുപ്പ് നടന്ന ചെറുതനയും കടക്കരപ്പള്ളിയും ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തും ഒപ്പം നിന്നതൊഴിച്ചാല്‍ ജില്ലയില്‍ യുഡിഎഫിന് വലിയ നഷ്ടമുണ്ടായി. എല്‍ഡിഎഫാകട്ടെ 2015ലെ 48ല്‍ നിന്ന് 56 പഞ്ചായത്തുകളിലേക്ക് വളര്‍ന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം ലഭിച്ചത് യുഡിഎഫ് പിന്തുണയിലും.
ഭൂരിപക്ഷമുള്ള പഞ്ചായത്തുകളില്‍ പോലും ഭരണം പിടിക്കാനാകാത്തത് യുഡിഎഫിന് വലിയ നാണക്കേടായി. ഇതേച്ചൊല്ലി വരും ദിവസങ്ങളില്‍ വിവാദങ്ങളും തര്‍ക്കങ്ങളും മുന്നണിക്കുള്ളില്‍ ഉണ്ടായേക്കും.