LiveTV

Live

Kerala

എട്ട് സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് മുസ്‍ലിം ലീഗ് ഇത്തവണ സീറ്റ് നല്‍കിയേക്കില്ല

വി. കെ ഇബ്രാഹിംകുഞ്ഞിനേയും, എംസി കമറുദ്ദീനേയും മത്സരിപ്പിക്കേണ്ടെന്ന് ധാരണ

എട്ട് സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് മുസ്‍ലിം ലീഗ് ഇത്തവണ സീറ്റ് നല്‍കിയേക്കില്ല

എട്ട് സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് മുസ്‍ലിം ലീഗ് ഇത്തവണ സീറ്റ് നല്‍കിയേക്കില്ല. വി. കെ ഇബ്രാഹിംകുഞ്ഞിനേയും, എംസി കമറുദ്ദീനേയും മത്സരിപ്പിക്കേണ്ടെന്ന് ധാരണ. മുന്‍ വിദ്യാഭ്യാസ മന്ത്രി പി. കെ അബ്ദുറബ്ബിനും സീറ്റുണ്ടാവില്ല. കെ.എന്‍.എ ഖാദര്‍, സി. മമ്മൂട്ടി, പി. ഉബൈദുള്ള എന്നിവരും മത്സരിച്ചേക്കില്ല. സീറ്റില്ലാത്തവരില്‍ ടി.എ അഹമ്മദ് കബീറും, എം. ഉമ്മറും ഉള്‍പ്പെട്ടേക്കും.

തദ്ദേശ തെരഞ്ഞെടുപ്പിലെ പോലെ മൂന്ന് തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ മാറി നില്‍ക്കട്ടെ എന്നൊരു തീരുമാനത്തിലൊന്നും മുസ്‍ലീം ലീഗ് എത്തിയിട്ടില്ലെന്നാണ് അറിയുന്നത്. പക്ഷേ, തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ ഇറക്കിയത് പാര്‍ട്ടിക്ക് ഗുണമുണ്ടായി എന്ന വിലയിരുത്തലുമുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിറ്റിംഗ് എംഎല്‍എമാരായ എട്ടുപേരെ മത്സരരംഗത്തുനിന്ന് മാറ്റി പുതുമുഖങ്ങളെ പരീക്ഷിക്കാന്‍ ലീഗ് നേതൃത്വം ഒരുങ്ങുന്നത്.

പാലാരിവട്ടം അഴിമതി കേസില്‍ അറസ്റ്റിലായതിനാല്‍ മുന്‍ മന്ത്രി കൂടിയായ വി. കെ ഇബ്രാഹിംകുഞ്ഞിനെ ഇനി മത്സരിപ്പിക്കേണ്ട എന്ന ഒരു പൊതുവികാരം പാര്‍ട്ടിക്കുള്ളിലുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസില്‍ അകപ്പെട്ട് ജയിലിലായ മഞ്ചേശ്വരം എം.എല്‍.എയായ എം. സി കമറുദ്ദീനെയും മത്സരിപ്പിച്ചേക്കില്ല. ഈ രണ്ട് പേരെയും മത്സരിപ്പിച്ചാല്‍ സംസ്ഥാനതലത്തില്‍ തന്നെ യു.ഡി.എഫിന്‍റെ വിജയസാധ്യതകളെ അത് ബാധിക്കുമെന്നും വിലയിരുത്തലുകളുണ്ട്.

മഞ്ചേരിയില്‍ നിന്നുള്ള അഡ്വ. എം ഉമ്മറാണ് മറ്റൊരാള്‍. അദ്ദേഹം മൂന്നാംതവണയാണ് മത്സരിക്കാനിരുന്നത്. അതുപോലെ മലപ്പുറം എം.എല്‍.എയായ പി ഉബൈദുള്ള, അദ്ദേഹവും മലപ്പുറത്തു നിന്ന് രണ്ട് തവണ എംഎല്‍എ ആയിട്ടുണ്ട്. തിരൂരില്‍ നിന്നുള്ള സി.മമ്മൂട്ടി, മങ്കട എം.എല്‍.എ ടി.എ അഹമ്മദ് കബീര്‍, വേങ്ങരയില്‍ നിന്നുള്ള കെഎന്‍എ ഖാദര്‍ അടക്കമുള്ള എംഎല്‍എമാരെ മത്സരിപ്പിക്കേണ്ടെന്നാണ് മുസ്‍ലിം ലീഗ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്. ഇതില്‍ ഒരു എംഎല്‍എ, പാണക്കാട് തങ്ങളെ കണ്ട് ആരോഗ്യപരമായ പ്രശ്നങ്ങളുള്ളതിനാല്‍ തന്നെ ഇത്തവണ മത്സരിപ്പിക്കരുതെന്ന് അറിയിച്ചതായും വിവരങ്ങളുണ്ട്. യൂത്ത് ലീഗില്‍ നിന്ന് എന്തായാലും 3 പേര്‍ മത്സരരംഗത്തുണ്ടാകും എന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

സാധാരണ രണ്ടോ മൂന്നോ തവണ മത്സരിച്ച മുതിര്‍ന്ന നേതാക്കളൊഴികെയുള്ള നേതാക്കളെ മത്സര രംഗത്തുനിന്ന് മാറ്റി നിര്‍ത്തുക എന്ന പതിവ് ലീഗിനുണ്ട്. പക്ഷേ ഇതാദ്യമായാണ് എട്ടുപേരെ മത്സരരംഗത്ത് നിന്ന് മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.