LiveTV

Live

Kerala

13 പഞ്ചായത്തുകളിൽ ജോസ് വിഭാഗത്തിന് പ്രസിഡന്‍റുമാർ

ജോസഫ് വിഭാഗത്തിന് ആദ്യ ടേമിൽ പ്രസിഡന്‍റുമാർ ഇല്ല. എട്ടു പഞ്ചായത്തുകളിലാണ് ജോസഫ് വിഭാഗത്തിന് വൈസ് പ്രസിഡന്‍റുമാരുള്ളത്.

13 പഞ്ചായത്തുകളിൽ ജോസ് വിഭാഗത്തിന് പ്രസിഡന്‍റുമാർ

പഞ്ചായത്ത് ഭരണത്തിന്‍റെ ചിത്രം തെളിഞ്ഞതോടെ കേരള കോൺഗ്രസ് എം. വിഭാഗത്തിന് നേട്ടമുണ്ടാക്കാനായതായി ജോസ് കെ. മാണി പറയുന്നു. 13 പഞ്ചായത്തുകളിൽ ജോസ് വിഭാഗം പ്രസിഡന്‍റുമാർ സ്ഥാനമേറ്റപ്പോൾ ജോസഫ് വിഭാഗത്തിന് ആദ്യ ടേമിൽ പ്രസിഡന്‍റുമാർ ഇല്ല. എട്ടു പഞ്ചായത്തുകളിലാണ് ജോസഫ് വിഭാഗത്തിന് വൈസ് പ്രസിഡന്‍റുമാരുള്ളത്.

71 പഞ്ചായത്തുകളിൽ 51 പഞ്ചായത്തുകളിൽ എൽഡിഎഫിന് പ്രസിഡന്‍റ് ഭരണം ലഭിച്ചു. 11 ബ്ലോക്ക് പഞ്ചായത്തിൽ 10ഉം എൽഡിഎഫിന്‍റെ ഭരണം. 2015 ൽ കേരള കോൺഗ്രസ് വിഭാഗങ്ങൾ ഒരുമിച്ചു മത്സരിച്ചപ്പോൾ 16 പഞ്ചായത്തുകളിലാണ് ആദ്യ ഘട്ടത്തിൽ ഭരിച്ചത്. ഇത്തവണ ജോസ് കെ. മാണി വിഭാഗത്തിനു 13 പഞ്ചായത്തുകളിൽ പ്രസിഡന്‍റ് സ്ഥാനം ലഭിച്ചു. നേട്ടമായി തന്നെയാണ് ജോസ് കെ. മാണി വിഭാഗം കാണുന്നത്. നേട്ടമുണ്ടാക്കിയത് പാലാ, കടുത്തുരുത്തി നിയോജകമണ്ഡലങ്ങളിൽ ആണ്.

കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ 11 പഞ്ചായത്തുകളിൽ ഒമ്പതെണ്ണം എൽഡിഎഫിനാണ് ലഭിച്ചത്. ഇതിൽ ഏഴും ജോസ് കെ മാണി വിഭാഗത്തിനാണ്. മണ്ഡലത്തിൽ വരുന്ന കടുത്തുരുത്തി ബ്ലോക്ക് ഭരണം സിപിമ്മിനും ഉഴവൂർ ബ്ലോക്ക് ജോസ് ക മണി വിഭാഗത്തിനും ലഭിച്ചു. മൂന്നു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും എൽഡിഎഫിനാണ്.

പാലാ നിയോജകമണ്ഡലത്തിലെ ഒമ്പതു പഞ്ചായത്തിൽ 5 പഞ്ചായത്ത് എൽഡിഎഫിന് ലഭിച്ചപ്പോൾ 2 പഞ്ചായത്ത് ജോസ് കെ മാണി വിഭാഗം ഭരിക്കും. ജില്ലയാകെ 16 പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാരെ ജോസ് വിഭാഗത്തിന് ലഭിച്ചു. കോട്ടയായിരുന്ന മുത്തോലി പഞ്ചായത്ത് ബിജെപി ഭരണം പിടിച്ചത് തിരിച്ചടിയായി. ജോസഫ് വിഭാഗത്തിന് ഒരു പഞ്ചായത്തിലും ആദ്യ ടേമിൽ പ്രസിഡന്‍റ് പദവി ലഭിക്കില്ല. എട്ടു പഞ്ചായത്തുകളിൽ വൈസ് പ്രസിഡന്‍റുമാർ ഉണ്ട്. ഇവിടങ്ങളിൽ രണ്ടാം ഘട്ടത്തിൽ പ്രസിഡന്‍റ് പദവിക്ക് ധാരണയുള്ളതായി നേതാക്കൾ പറയുന്നു. യുഡിഎഫ് കോട്ട ആയിരുന്ന കടുത്തുരുത്തി ആധിപത്യം പുലർത്തിയത് ജോസ് കെ മാണി വിഭാഗം വമ്പൻ നേട്ടമായി കണക്കുകൂട്ടുന്നു.