ക്രിസ്മസ് കേക്കുമായി മന്ത്രിമാരെ അയച്ച് സർക്കാർ ഗവര്‍ണറുടെ കാലുപിടിച്ചുവെന്ന് പ്രതിപക്ഷം; ആരോപണം തള്ളി മുഖ്യമന്ത്രി
ഗവർണർക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

ഗവർണർക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. സഭ സമ്മേളിക്കുന്നത് ആദ്യം തടയാൻ ശ്രമിച്ച ഗവർണറുടെ നടപടിയോട് സർക്കാർ ശക്തമായി പ്രതിഷേധിച്ചില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ പ്രതിപക്ഷ ആരോപണങ്ങൾ മുഖ്യമന്ത്രി തളളി.
ഗവർണറെ വിമർശിച്ച് സർക്കാരിനെ കൂടി കടന്നാക്രമിക്കുകയെന്നതായിരുന്നു പ്രതിപക്ഷ തന്ത്രം. ക്രിസ്മസ് കേക്കുമായി മന്ത്രിമാരെ അയച്ച് സർക്കാർ കാലു പിടിച്ചുവെന്നായിരുന്നു കെ.സി ജോസഫിന്റെ കുറ്റപ്പെടുത്തൽ. തുടർന്ന് കേന്ദ്രത്തിന് എതിരായ പ്രമേയത്തെ പിന്തുണയ്ക്കുമ്പോഴെല്ലാം പ്രതിപക്ഷ എം.എൽ.എമാർ ഗവര്‍ണറെ കടന്നാക്രമിച്ചു. ഭരണപക്ഷത്ത് നിന്ന് കെ.ബി ഗണേഷ് കുമാർ എം.എൽ.എ, മുഖ്യമന്ത്രി ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാടിനെ പിന്തുണച്ചു.
മുഖ്യമന്ത്രിയും ഗവർണർ സ്വീകരിച്ച ആദ്യ നിലപാടിനെ തള്ളി. പക്ഷേ ഇക്കാര്യത്തിൽ സർക്കാരിന് എതിരെ പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങളിൽ കാര്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം.