LiveTV

Live

Kerala

ബിജെപി പിന്തുണയോടെ പ്രസിഡന്‍റായ ശോഭ ചാര്‍ളിയെ എല്‍ഡിഎഫ് പുറത്താക്കി

കേരള കോൺഗ്രസ് എം പ്രതിനിധിയായ ശോഭയോട് വോട്ടെടുപ്പിന് പിന്നാലെ സ്ഥാനം രാജിവെക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടും നിരസിച്ചിരുന്നു

ബിജെപി പിന്തുണയോടെ പ്രസിഡന്‍റായ ശോഭ ചാര്‍ളിയെ എല്‍ഡിഎഫ് പുറത്താക്കി

പത്തനംതിട്ട റാന്നി പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ പ്രസിഡന്‍റായ ശോഭ ചാർളിയെ എൽഡിഎഫ് പുറത്താക്കി. കേരള കോൺഗ്രസ് എം പ്രതിനിധിയായ ശോഭയോട് വോട്ടെടുപ്പിന് പിന്നാലെ സ്ഥാനം രാജിവെക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടും അത് നിരസിച്ചിരുന്നു. മുന്നണി തീരുമാനം അംഗീകരിക്കുന്നുവെന്നും ശോഭയോട് രാജിവെക്കാൻ വീണ്ടും ആവശ്യപ്പെടുമെന്നും കേരള കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

റാന്നി പഞ്ചായത്തിൽ യുഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപി പിന്തുണയോടെ കേരള കോൺഗ്രസ് അംഗം പ്രസിഡന്‍റ് ആയത് എൽഡിഎഫിനും സിപിഎമ്മിനും ഒരുപോലെ നാണക്കേട് ഉണ്ടാക്കിയിരുന്നു. പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി സിപിഎം അംഗങ്ങളും വോട്ട് ചെയ്ത തെരഞ്ഞെടുപ്പിൽ ശോഭ ചാർളി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സ്ഥാനം രാജിവെക്കാൻ നേതൃത്വം ആവശ്യപ്പെട്ടു. എന്നാൽ മുന്നണി തീരുമാനത്തിന് വഴങ്ങാതിരുന്നതിനെ തുടർന്നാണ് ശോഭയെ എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി പുറത്താക്കിയത്. അതേസമയം ഇന്നലെ ശോഭക്കൊപ്പം നിന്നിരുന്ന കേരള കോൺഗ്രസ് ഇന്ന് നിലപാട് തിരുത്തി മുന്നണിക്കൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കി.

എന്നാൽ മുന്നണി തീരുമാനത്തോട് പ്രതികരിക്കാൻ ശോഭ ചാർളി ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം പാർട്ടിയിൽ ചർച്ച ചെയ്യാതെ സിപിഎം അംഗങ്ങൾക്കൊപ്പം കൂട്ടുചേർന്ന മെമ്പർമാർക്കെതിരെ അന്വേഷണം നടത്തി നടപടി എടുക്കും എന്നാണ് നേരത്തെ ബിജെപി നേതൃത്വം അറിയിച്ചിരുന്നത്. എന്നാൽ സംസ്ഥാന വ്യാപകമായി ചർച്ചയായ വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ ബിജെപി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.