പുറമ്പോക്കിലെ കുടില്‍ തകര്‍ത്തു: അമ്മയും മൂന്ന് മക്കളും തെരുവിൽ
മീഡിയവൺ വാർത്ത കണ്ട് പ്രവാസി വ്യവസായി എം ഐ ഷാനവാസ് കുടുംബത്തിന് സഹായവുമായി എത്തി.
തിരുവനന്തപുരം കഴക്കൂട്ടത്ത് നിർധന കുടുംബത്തെ കുടിൽ പൊളിച്ച് പുറത്താക്കി. മൂന്ന് പെണ്മക്കളേയും അമ്മയേയുമാണ് മാരകായുധങ്ങളുമായെത്തിയ അയൽവാസികൾ പുറത്താക്കിയത്. ഏഴ് വർഷമായി താമസിക്കുന്ന പുറമ്പോക്ക് ഭൂമിയിൽ കെട്ടിയ കുടിലാണ് പൊളിച്ചത്. സംഭവത്തിൽ കഴക്കൂട്ടം പോലീസിനോട് ഡിജിപി വിശദീകരണം തേടി. മീഡിയവൺ വാർത്ത കണ്ട് പ്രവാസി വ്യവസായി എം ഐ ഷാനവാസ് കുടുംബത്തിന് സഹായവുമായി എത്തി.
സർക്കാർ രേഖകൾ പ്രകാരം ഈ സ്ഥലം പുറമ്പോക്ക് ഭൂമിയാണ്. എന്നാൽ സ്വന്തമായി വീടില്ലാത്ത സുറുമിയും മൂന്ന് പെണ്മക്കളും ഏഴ് വർഷമായി ഇവിടെ ഷെഡ്കെട്ടി താമസിക്കുകയായിരുന്നു. ഈ മാസം 17ന് പ്രദേശവാസികളായ ദിൽഷാദ്, ഷംനാദ് എന്നിവർ മാരകായുധങ്ങളുമായി എത്തി കുട്ടികളെ ബലമായി പിടിച്ചിറക്കി വീട് പൊളിക്കുകയായിരുന്നു. ഷംനാദിന്റെ വീടിന് പുറകിലുള്ള വസ്തുവിലേക്ക് വഴി ലഭിക്കാൻ വേണ്ടിയാണ് ഇവർ എങ്ങനെ ചെയ്തതെന്നാണ് സുറുമി പറയുന്നത്.
സംഭവം നടക്കുമ്പോൾ തന്നെ കഴക്കൂട്ടം പൊലീസ് അവിടെ എത്തി. എന്നാൽ അക്രമം നടത്തിയവർക്കെതിരെ ഇതുവരെയും കേസെടുത്തിട്ടില്ല.
കുടുംബത്തിന് 5 സെന്റ് സ്ഥലവും വീടും നൽകുമെന്നാണ് പ്രവാസി വ്യവസായി ഷാനവാസ് അറിയിച്ചത്. വീട് ശരിയാകുന്നതു വരെ ഇവർക്ക് വാടകയ്ക്ക് താമസിക്കുന്നതിനുള്ള ചെലവും വഹിക്കും.