നിയമസഭാ തെരഞ്ഞെടുപ്പ്: പ്രവാസി വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം
മാര്‍ച്ച് ആദ്യ ആഴ്ച തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത. പ്രവാസി വോട്ടിനായി പല രീതികളും ആലോചിക്കുന്നുണ്ട്. കോവിഡ് ബാധിതരുടെ വോട്ട് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ടിക്കാറാം മീണ

നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസി വോട്ടർമാർക്ക് വോട്ട് ചെയ്യാനുള്ള അവസരമുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പ്രവാസി വോട്ടിനായി പല രീതികളും ആലോചിക്കുന്നുണ്ട്. കോവിഡ് ബാധിതരുടെ വോട്ട് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.
വോട്ട് ചെയ്യാന്‍ അവസരം വേണമെന്നത് പ്രവാസികളുടെ ദീര്‍ഘകാല ആവശ്യമാണ്. 89,000 പ്രവാസി വോട്ടര്‍മാരാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് വോട്ട്ചെയ്യാനുള്ള അവസരം ഒരുക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രമം.
മാര്‍ച്ച് ആദ്യ ആഴ്ച തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത. ഇത് കണക്കിലെടുത്ത് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന നടക്കുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ ഒരു ബൂത്തില്‍ 1000 വോട്ടര്‍മാരെ മാത്രമേ അനുവദിക്കൂ. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കും. കള്ളവോട്ട് തടയാന്‍ വെബ് കാസ്റ്റിംഗ് ശക്തമാക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.