രാജൻ താമസിച്ചിരുന്ന ഭൂമിയെപ്പറ്റി റവന്യൂ വകുപ്പ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം ജില്ലാ കലക്ടർ നെയ്യാറ്റിൻകര തഹസീൽദാറിനോട് റിപ്പോർട്ട് തേടി

നെയ്യാറ്റിൻകരയിൽ മരിച്ച രാജൻ താമസിച്ച ഭൂമിയെപ്പറ്റി റവന്യൂ വകുപ്പ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം ജില്ലാ കലക്ടർ നെയ്യാറ്റിൻകര തഹസീൽദാറിനോട് റിപ്പോർട്ട് തേടി. പരാതിക്കാരി വസന്തയുടെ ഭൂമിയിന്മേലുള്ള അവകാശ വാദം പരിശോധിക്കും.
രാജന്റെ മക്കൾ കലക്ടർക്ക് നൽകിയ പരാതിയിലാണ് അന്വേഷണം. വസന്തയുടെ പട്ടയം വ്യാജമാണോ എന്നാണ് തഹസിൽദാർ പരിശോദിക്കുന്നത്. കണ്ടെത്തലുകൾ കളക്ടർ റിപ്പോർട്ടായി സർക്കാരിന് സമർപ്പിക്കും. ഇതേ ഭൂമി തന്നെ മക്കൾക്ക് നൽകാനാകുമോ എന്നാണ് സർക്കാർ നോക്കുന്നത്. പോലീസുകാർക്ക് വീഴ്ചയുണ്ടായോ എന്ന കാര്യത്തിൽ തിരുവനന്തപുരം റൂറൽ എസ്.പിയും അന്വേഷണം തുടങ്ങി. മക്കളായ രാഹുൾ, രഞ്ജിത്ത് എന്നിവരുടെ മൊഴി ഉടൻ രേഖപ്പെടുത്തും. നീതി കിട്ടുന്നതു വരെ പോരാട്ടം തുടരുമെന്നാണ് രാജന്റെ മക്കളുടെ നിലപാട്.
അതേസമയം അമ്പിളിയുടെ മൃതദേഹം തടഞ്ഞു വെച്ച് പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന മുപ്പതോളം പേർക്ക് എതിരെയാണ് കേസെടുത്തത്. പൊലീസ് നടപടി തടസപ്പെടുത്തിയതിനും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനുമാണ് കേസ്.