LiveTV

Live

Kerala

ത്രിതല പഞ്ചായത്തുകളില്‍ ഭരണ സമിതി അധികാരത്തില്‍; വയനാട്ടില്‍ നറുക്കെടുപ്പിലൂടെ യു.ഡി.എഫ്, റാന്നിയില്‍ സി.പി.എമ്മിന് ബി.ജെ.പി പിന്തുണ

വയനാട് ജില്ലാ പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ യു.ഡി.എഫ് പിടിച്ചു. ഷംസാദ് മരക്കാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും. പല പഞ്ചായത്തുകളിലും മുന്നണി സമവാക്യങ്ങൾ മാറി മറിഞ്ഞിട്ടുണ്ട്

ത്രിതല പഞ്ചായത്തുകളില്‍ ഭരണ സമിതി അധികാരത്തില്‍; 
വയനാട്ടില്‍ നറുക്കെടുപ്പിലൂടെ യു.ഡി.എഫ്, റാന്നിയില്‍ സി.പി.എമ്മിന് ബി.ജെ.പി പിന്തുണ

സംസ്ഥാനത്ത് ത്രിതല പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഇതു വരെ നറുക്കെടുപ്പ് നടന്ന പഞ്ചായത്തുകളിൽ ഏറെയും യു.ഡി.എഫിനാണ് ലഭിച്ചത്. വയനാട് ജില്ലാ പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ യു.ഡി.എഫ് പിടിച്ചു. ഷംസാദ് മരക്കാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും. പല പഞ്ചായത്തുകളിലും മുന്നണി സമവാക്യങ്ങൾ മാറി മറിഞ്ഞിട്ടുണ്ട്.

തൃശൂർ പാവറട്ടി ഗ്രാമപഞ്ചായത്തിൽ അട്ടിമറിയിലൂടെ ഇടതുമുന്നണിക്ക് ഭരണം ലഭിച്ചു. യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി സിന്ധു അനിൽകുമാർ ഇടതുപക്ഷ പിന്തുണയോടെ വിജയിച്ചു. കണ്ണൂർ നടുവിൽ പഞ്ചായത്തിൽ അട്ടിമറി. ഡി.സി.സി സെക്രട്ടറി ബേബി ഓടംപള്ളി കൂറുമാറി എല്‍.ഡി.എഫ് പിന്തുണയോടെ പ്രസിഡന്‍റായി. മൂന്ന് കോൺഗ്രസ്‌ അംഗങ്ങളും ഒരു കോൺഗ്രസ്‌ വിമതയും ബേബിയെ പിന്തുണച്ചു.

റാന്നി പഞ്ചായത്തിൽ ബി.ജെ.പി പിന്തുണയോടെ എൽ.ഡി.എഫ് അധികാരത്തിൽ വന്നു. കേരള കോൺഗ്രസ് അംഗത്തെ പ്രസിഡന്‍റാക്കി. പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്.ഡി.പി.ഐ വോട്ട് എൽ.ഡി.എഫിന് ചെയ്തു. പ്രസിഡന്‍റ് സ്ഥാനം സ്വീകരിക്കില്ലെന്ന് സി.പി.എം അറിയിച്ചു. പത്തനംതിട്ട ചിറ്റാർ പഞ്ചായത്തിൽ അട്ടിമറി. എൽ.ഡി.എഫ് പിന്തുണയോടെ കോൺഗ്രസ് അംഗം പ്രസിഡന്‍റായി. കോൺഗ്രസിലെ സജി കുളത്തിങ്കൽ പ്രസിഡന്‍റായി.

കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ രണ്ട് എസ്.ഡി.പി.ഐ അംഗങ്ങളുടെ പിന്തുണ എൽ.ഡി.എഫിന് ലഭിച്ചു. ഇതോടെ യു.ഡി.എഫ്-എൽ.ഡി.എഫ് കക്ഷിനില തുല്യമായി. ഭരണം നിശ്ചയിക്കാൻ നറുക്കെടുപ്പ് തുടങ്ങി. എസ്.ഡി.പി.ഐയുടെ പിന്തുണയോടെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ ലീഗിന് ഭരണം ലഭിച്ചു. കാസർകോട് ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫിന്‍റെ ബേബി ബാലകൃഷ്ണൻ പ്രസിഡന്‍റാകും.കാസർകോട് മുളിയാർ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിന് ഭരണം നേടി.