LiveTV

Live

Kerala

തേങ്കുറിശ്ശി ദുരഭിമാനക്കൊല; 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം

കേസ് നടത്തിപ്പിനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ സേവനം ലഭ്യമാക്കാനും അന്വേഷണ സംഘം ആവശ്യപ്പെടും

തേങ്കുറിശ്ശി ദുരഭിമാനക്കൊല; 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം

പാലക്കാട് തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലയിൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം. തൊണ്ണൂറ് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന് എസ്.പി നിർദ്ദേശം നൽകിയത്. കേസ് നടത്തിപ്പിനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ സേവനം ലഭ്യമാക്കാനും അന്വേഷണ സംഘം ആവശ്യപ്പെടും. അനീഷിന്‍റെ കുടുംബത്തിന്‍റെ മൊഴി ഉടൻ രേഖപ്പെടുത്തും.

തേങ്കുറുശ്ശി ദുരഭിമാന കൊല കേസിൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാനാണ് ക്രൈംബ്രാഞ്ചിന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം. കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകരുത്.കേസിൽ മുഖ്യ പ്രതികളായ അനീഷിന്‍റെ ഭാര്യാപിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവരെ അറസ്റ്റ് ചെയ്തെങ്കിലും ഗൂഢാലോചന ഉൾപ്പടെ കുടുംബം ഉന്നയിച്ച കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നും നിർദ്ദേശമുണ്ട്. കേസിന്‍റെ വിചാരണയ്ക്കായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ സേവനം ലഭ്യമാക്കാനും നടപടി സ്വീകരിക്കും. തുടർനടപടികൾ സ്വീകരിക്കും.

പാലക്കാട് എസ്.പി സുജിത്ദാസ് അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച്, ഇന്ന് കേസ് ഡയറി പരിശോധിച്ച് ഇതുവരെയുള്ള നടപടികൾ വിലയിരുത്തും. രണ്ടാഴ്ചയ്ക്കകം കേസിലെ മുഴുവൻ സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡി ആവശ്യപ്പെട്ട് കോടതിയിൽ ഉടൻ തന്നെ അപേക്ഷ സമർപ്പിയ്ക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. നേരത്തെ അനീഷിന്‍റെ കുടുംബം നൽകിയ പരാതിയിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കും