ദമ്പതികളുടെ ആത്മഹത്യ; റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി, മക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
രാജന് ദേഹത്ത് പെട്രോള്‍ ഒഴിച്ച സമയത്ത് പൊലീസ് ലൈറ്റര്‍ തട്ടിമാറ്റാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നും ആക്ഷേപമുണ്ട്

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളുടെ വിശദമായ മൊഴി ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തും. പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും ശേഖരിക്കും.
നെയ്യാറ്റിന്‍കരയില്‍ കോടതി ഉത്തരവ് പ്രകാരം ഒഴിപ്പിക്കല്‍ നടത്തുന്നതിനിടെ ദമ്പതികളായ രാജനും അമ്പിളിയും ആത്മാഹത്യ ചെയ്ത സംഭവത്തിലാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം റൂറല്‍ എസ്.പി ബി.അശോകന് അന്വേഷണം തുടങ്ങിയത്. സ്റ്റേ ഓര്‍ഡര്‍ ഉടന്‍ വരുമെന്നറിയിച്ചിട്ടും പൊലീസ് സാവകാശം നല്‍കിയില്ലെന്ന് മക്കള്‍ പരാതിപ്പെട്ടിരുന്നു. രാജന് ദേഹത്ത് പെട്രോള്‍ ഒഴിച്ച സമയത്ത് പൊലീസ് ലൈറ്റര്‍ തട്ടിമാറ്റാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നും ആക്ഷേപമുണ്ട്. ഇക്കാര്യങ്ങള്‍ മുന്‍ നിര്‍ത്തി പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നാണ് എസ്.പി പ്രധാനമായും അന്വേഷിക്കുന്നത്. സംഭവ ദിവസം പൊലീസ് സ്വീകരിച്ച നടപടികള്‍ വിശദമായി പരിശോധിയ്ക്കും. രാജന്-അമ്പിളി ദമ്പതികളുടെ മക്കളുടെ മൊഴിയെടുക്കും.
സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരുടെ മൊഴിയും രേഖപ്പെടുത്തും. രാജന്റെ കുടുംബത്തെ ഒഴിപ്പിക്കാനെത്തിയ പൊലീസുകാരെ നേരില്‍ കണ്ട് വിവരം ശേഖരണം നടത്താനും തീരുമാനമുണ്ട്. പൊലീസിന് വീഴ്ചയുണ്ടായെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് സംഭവത്തില്‍ ഡി.ജി.പി നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നത്. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള കോടതി നടപടികള്‍ കൃത്യമായി അറിയിക്കുന്നതില്‍ രാജന്റെ അഭിഭാഷകനും വീഴ്ച പറ്റിയെന്ന് ആക്ഷേപം ശക്തമാണ്.