LiveTV

Live

Kerala

നെയ്യാറ്റിന്‍കരയില്‍ ജനരോഷം; പരാതിക്കാരിയെ കരുതല്‍ തടങ്കലിലേക്ക് മാറ്റി

അമ്പിളിയുടെ മൃതദേഹവുമായെത്തിയ ആംബുലന്‍സിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധം തുടങ്ങി.

നെയ്യാറ്റിന്‍കരയില്‍ ജനരോഷം; പരാതിക്കാരിയെ കരുതല്‍ തടങ്കലിലേക്ക് മാറ്റി

നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കല്‍ വിധി സമ്പാദിച്ച പരാതിക്കാരിയായ വസന്തയെ പൊലീസ് വീട്ടില്‍ നിന്ന് മാറ്റി. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്തായിരുന്നു നടപടി. വസന്തക്കെതിരെ നടപടിയെടുക്കാതെ അമ്പിളിയുടെ മൃതദേഹം സംസ്കരിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാരും ബന്ധുക്കളും ആംബുലന്‍സിന് മുന്നില്‍ പ്രതിഷേധിച്ചു.

രാവിലെ മുതല്‍ തന്നെ പരാതിക്കാരിയായ വസന്തയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ വീടിന് മുന്നില്‍ സംഘടിച്ചിരുന്നു. ഉച്ചയോടെ ഇത് പ്രതിഷേധത്തിന്‍റെ രൂപത്തിലേക്ക് മാറി. ഇതോടെ വസന്തയെ സ്ഥലത്ത് നിന്ന് മാറ്റാന്‍ പൊലീസ് തീരുമാനിച്ചു. കരുതല്‍ തടങ്കലിലാക്കി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനിടയില്‍ സ്ഥലത്ത് എത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച പരിശോധിക്കുമെന്ന് ഉറപ്പ് നല്‍കി.

അമ്പിളിയുടെ മൃതദേഹവുമായെത്തിയ ആംബുലന്‍സിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധം തുടങ്ങി. പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം, വസന്തയെ അറസ്റ്റ് ചെയ്യണം, മക്കള്‍ക്ക് ജോലി ഉറപ്പാക്കണം എന്നിവയായിരുന്നു നാട്ടുകാരുടെ ആവശ്യം. രേഖാമൂലം ഉറപ്പ് നല്‍കാതെ പിന്‍മാറില്ലെന്ന വാശിയിലായിരുന്നു നാട്ടുകാര്‍. രാജന്‍റെയും അമ്പിളിയുടെയും മരണത്തില്‍ സര്‍ക്കാര്‍ ഉത്തരം പറയണമെന്ന് സ്ഥലത്ത് എത്തിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.