ദമ്പതികളുടെ ആത്മഹത്യ: ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വന്നിട്ടും പോലീസ് തിടുക്കം കാണിച്ചുവെന്ന് മക്കള്‍
അയല്‍വാസിക്കും പൊലീസിനുമെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാനാണ് മക്കളുടെ തീരുമാനം.

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ ആത്മഹത്യയിൽ പുതിയ വെളിപ്പെടുത്തൽ. സംഭവം നടന്ന ദിവസം ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ വന്നു. സ്റ്റേ ഓർഡർ വരുമെന്നറിഞ്ഞിട്ടാണ് പോലീസ് തിടുക്കപ്പെട്ട് നീക്കം നടത്തിയതെന്ന് കുടുംബം. അതിനിടെ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അച്ഛൻ രാജൻ മരിച്ചതിന് പിന്നാലെ അമ്മ അമ്പിളിയെയും കുടുംബത്തിന് നഷ്ടമായി. രാജന്റെ സംസ്കാര ചടങ്ങുകൾ നടന്ന ശേഷമായിരുന്നു അമ്പിളി ജീവൻ വെടിഞ്ഞത്. അച്ഛനെ അടക്കം ചെയ്യാൻ കുഴിവെട്ടിയത് 17കാരനായ മകൻ രഞ്ജിത്തായിരുന്നു. തർക്കഭൂമിയിൽ കുഴിയെടുക്കുന്നതിനിടെ പോലീസ് ഇത് തടയാൻ ശ്രമിച്ചെന്നും ആരോപണമുയർന്നു.
ഹൈക്കോടതിയിൽ നിന്നും മണിക്കൂറുകൾക്കകം സ്റ്റേ ഓർഡർ വരുമെന്ന് മുൻകൂട്ടി അറിഞ്ഞാണ് പോലീസ് അവിടെ എത്തി തങ്ങളെ ഒഴിപ്പിക്കാൻ ശ്രമിച്ചതെന്നും മക്കൾ പറയുന്നുണ്ട്. പോലീസിന്റെ തിടുക്കമാണ് സകല പ്രശ്നങ്ങൾക്കും കാരണമായി കുടുംബം ചൂണ്ടിക്കാണിക്കുന്നത്. ഗ്രേഡ് എസ്.ഐ അനിൽ കുമാറാണ് ലൈറ്റർ പിടിച്ചു വാങ്ങാൻ ശ്രമിച്ചത്. ഇതിനിടയിലാണ് തീപിടിച്ചതെന്നാണ് ആരോപണം. അയല്‍വാസിക്കും പൊലീസിനുമെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാനാണ് മക്കളുടെ തീരുമാനം.